- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഐടി തൊഴിൽ തേടുന്നവർക്ക് മാത്രമായി ഒരു പോർട്ടൽ; ഐടി ജീവനക്കാരുടെ പദ്ധതി വൻവിജയം
കൊച്ചി: കേരളത്തിൽ ഐടി തൊഴിൽ തേടുന്നവർക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോർട്ടൽ വൻ വിജയം. പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരിൽ നിന്നും ഐടി കമ്പനികളിൽ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശിൽപ്പികൾ പറയുന്നു. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ ഉൾപ്പെടെ സംസ്ഥാനത്തെ 410 ഐടി കമ്പനികൾ ഇപ്പോൾ jobs.prathidhwani.org എന്ന പോർട്ടൽ വഴി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത നിരവധി കമ്പനികളിലെ തൊഴിലവസരങ്ങളും ഈ പോർട്ടലിൽ ലഭ്യമാണ്. ജീവനക്കാരുടെ റഫറൻസ് വഴിയാണിത്. ഇതുവരെ 9,630 പ്രൊഫൈലുകൾ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷ കാലയളവിൽ 14360 തൊഴിലുകൾ ജോബ് പോർട്ടലിൽ ലിസ്റ്റ് ചെയ്തു. 35600 പേർ ഇതുവരെ പോർട്ടൽ വഴി ജോലി തേടിയിട്ടുണ്ട്. പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസ്, യുഎസ്‌ടി, അലയൻസ്, ഇവൈ, എക്സ്പീരിയോൺ, ക്യുബസ്റ്റ്, ഫിൻജെന്റ് തുടങ്ങിയ കമ്പനികളിലും നിരവധി സ്റ്റാർട്ടപ്പുകളലും തൊഴിൽ കണ്ടെത്താൻ ഈ പോർട്ടൽ സഹായിക്കും.
കോവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേർക്കാണ് മികച്ച അവസരങ്ങൾ ഇതുവഴി ലഭിച്ചത്. പോർട്ടലിലെത്തുന്ന വിവരങ്ങൾ അതേ സമയം തന്നെ പ്രതിധ്വനിയുടെ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ഏകദേശം 14,500 പേരിലേക്ക് നേരിട്ട് എത്തും. പോസ്റ്റ് ചെയ്യുന്ന ജോലി ഒഴിവുകൾ വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പരസ്യപ്പെടുത്തുന്നത്. ഐടി ജോലികൾ തേടുന്നവർക്കും ഐടി കമ്പനികൾക്കും പൂർണമായും സൗജന്യമാണ് ഈ പോർട്ടലിലെ സേവനം. നിരവധി കമ്പനികൾക്ക് നിലവിലെ ആവശ്യങ്ങൾക്കനുസരിച്ച് ജോബ് പോർട്ടലിൽ രെജിസ്റ്റർ ചെയ്തവരുടെ പ്രൊഫൈലുകൾ കൈമാറുന്നു. ഇവയിൽ നിന്ന് കമ്പനികൾക്ക് ആവശ്യമായി ജീവനക്കാരെ കണ്ടെത്താം.
ഫ്രെഷേഴ്സിന് ട്രെയ്നിങ്ങും
പഠനം കഴിഞ്ഞിറങ്ങി പുതുതായി ജോലി തേടുന്ന ഫ്രഷേഴ്സിന് മാത്രമായി ഒരു സവിശേഷ പദ്ധതിയും ഈ ജോബ് പോർട്ടൽ വഴി പ്രതിധ്വനി ഒരുക്കിയിട്ടുണ്ട്. കമ്പനികൾ ആവശ്യപ്പെടുന്ന ടെക്നോളജിയിൽ പരിശീലനം നൽകി ഫ്രഷേഴ്സിന് മികച്ച തൊഴിൽ കണ്ടെത്താൻ അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. ഫ്രഷേഴ്സിനെ ആദ്യഘട്ട ഇന്റർവ്യൂ നടത്തി യോഗ്യരായവരെ കണ്ടെത്തി ഇവരുടെ പട്ടിക നേരിട്ട് കമ്പനികൾക്ക് നൽകി വരുന്നുണ്ടെന്ന് ടെക്നോപാർക്കിലെ പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ ആർ പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രതിധ്വനി ഓരോ മാസവും സംഘടിപ്പിക്കുന്ന വിവിധ ടെക്നോളജി വർക്ക്ഷോപ്പ് നോട്ടിഫിക്കേഷൻ ലഭിക്കും. അതാതു മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് തീർത്തും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ ട്രെയിനിങ്ങുകൾ ഉദ്യോഗാർഥികൾക്ക് ഉപകാരപ്രദമാണ്. ഇതുവരെ വിവിധ ടെക്നോളജികളിൽ 90 ട്രെയിനിങ്ങുകൾ പ്രതിധ്വനി സംഘടിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ ആയി നടത്തുന്ന ഈ ട്രൈനിങ്ങിൽ ആർക്കും പങ്കെടുക്കാമെന്നും റനീഷ് അറിയിച്ചു. കമ്പനികൾ നേരിട്ട് ആവശ്യപ്പെടുമ്പോൾ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും അവർക്കാവശ്യമുള്ള ടെക്നോളജി പ്രൊഫൈലുകൾ ഫിൽറ്റർ ചെയ്തു കൊടുക്കാറുണ്ട്. അതുപോലെ ഫ്രഷേഴ്സ് പ്രൊഫൈലുകളും കമ്പനികൾ ആവശ്യപ്പെടുന്നതിനനുസരിച്ചു സ്‌കിൽസെറ്റ് അനുസരിച്ചു വേർതിരിച്ചു കൊടുക്കാറുണ്ട്. ജോബ് പോർട്ടൽ ഉപയോഗിക്കുന്ന ഉദ്യോഗാർഥികൾക്കും പ്രൊഫൈലുകൾ ഡൗൺലോഡ് ചെയ്യുന്ന കമ്പനി മേധാവികൾക്കും പോർട്ടലിന്റെ ഉപയോഗം തീർത്തും സൗജന്യമാണ്. മറ്റു പോർട്ടലുകളെ അപേക്ഷിച്ചു പ്രാദേശികമായ ഈ പോർട്ടൽ കേരളത്തിലെ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് കമ്പനികൾക്കു സഹായകമാകുന്നു.
ഈ ജോബ് പോർട്ടലിലേക്കു തൊഴിൽ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നത് മൂന്ന് രീതിയിലാണ്. കമ്പനി എച്ച് ആർ മാനേജർമാർക്ക് ഈ പോർട്ടലിൽ നേരിട്ട് അവസരങ്ങൾ പോസ്റ്റ് ചെയ്യാം. പ്രതിധ്വനി വാട്സാപ്പ് ഗ്രൂപ്പുകളിൽ റിപോർട്ട് ചെയ്യപ്പെടുന്ന തൊഴിൽ അവസരങ്ങൾ പരിശോധിച്ച് പോർട്ടലിൽ ലിസ്റ്റ് ചെയ്യുന്നു. എംപ്ലോയീ റഫറൽ അവസരങ്ങളാണ് മറ്റൊരു സവിശേഷത. തങ്ങളുടെ കമ്പനിയിൽ വരുന്ന തൊഴിൽ അവസരങ്ങൾ അവിടെ ജോലി ചെയ്യുന്ന ആർക്കു വേണമെങ്കിലും പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാം. റഫർ ചെയ്യുന്ന ആർക്കെങ്കിലും ജോലി ലഭിക്കുകയാണെങ്കിൽ റഫർ ചെയ്ത ജീവനക്കാർക്ക് കമ്പനികൾ റഫറൽ ബോണസ് നൽകാറുണ്ട്. ആദ്യമായിട്ടാണ് ഒരു തൊഴിൽ പോർട്ടലിൽ ഇത്തരം എംപ്ലോയീ റഫറൽ തൊഴിലുകൾ ലിസ്റ്റ് ചെയ്യുന്നത്. പല കമ്പനികളും എംപ്ലോയീ റഫറൽ ആയി ക്ഷണിക്കുന്ന തൊഴിൽ അവസരങ്ങൾ തൊഴിൽ പോർട്ടലുകളിൽ ലിസ്റ്റ് ചെയ്യപ്പെടാതെ പോകുന്നതിനു ഒരു പരിഹാരം എന്ന നിലയിൽ ആണ് പ്രതിധ്വനി ഇങ്ങനെ ഒരു ആശയം പോർട്ടലിൽ ഉൾക്കൊള്ളിച്ചതെന്ന് അണിയറ ശിൽപ്പികൾ പറഞ്ഞു. ഈ പോർട്ടലിൽ തൊഴിലവസരങ്ങൾ പോസ്റ്റ് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും jobs@prathidhwani.org എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.