- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യങ്ങളെ താറടിക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ദക്ഷിണ കൊറിയയുടെ ഓപ്പണിങ് സെറിമണി; മുട്ടുകുത്തി കറുത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിമ്നാസ്റ്റിക് മെഡലിസ്റ്റ്; ശരീരം കാണിക്കുന്ന തുണി ഉപേക്ഷിച്ച് ജിംനാസ്റ്റിക്കുകളും
ലോകം ഒരേ വികാരത്താൽ തുടിക്കുന്ന വേദിയാണ് ഒളിംപിക്സ്. കേവലം ഒരു കായിക മത്സരവേദി എന്നതിനപ്പുറം മനുഷ്യമനസാക്ഷിയുടെ പ്രകടനവേദികൂടിയായി മാറാറുണ്ട് ഇത് പലപ്പോഴും. വികാരങ്ങൾ പ്രകടിപ്പിക്കാനും മനുഷ്യകുല നന്മയ്ക്കായുള്ള ആശയങ്ങൾ പ്രചരിപ്പിക്കാനും ഒക്കെയുള്ള വേദിയായി കഴിഞ്ഞകാലങ്ങളിലും പലരും ഒളിംപിക്സിനെ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ന്, സ്റ്റേഡിയം നിറഞ്ഞ കാണികളുടെ അഭാവത്തിലും ആ പഴയ പതിവുകളൊന്നും മാറുന്നില്ല.
രാജ്യങ്ങളെ മോശമായി ചിത്രീകരിച്ച് ദക്ഷിണ കൊറിയയിലെ ടി വി സംപ്രേഷണം
കോവിഡ് പ്രതിസന്ധിയിലും ലോകമാകെ ഉറ്റുനോക്കുന്ന ഒന്നാണ് ടൊക്കിയോ ഒളിംപിക്സ്. നിയന്ത്രണങ്ങൾക്ക് നടുവിലും അതിന്റെ ശോഭ ഒട്ടും ചോർന്നുപോകാതെ നടത്തിക്കൊണ്ടുപോകാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നുമുണ്ട്. അതിനിടയിലാണ് ഒളിംപിക്സിനു തന്നെ കളങ്കമായി മാറിയേക്കാവുന്ന ടി വി സംപ്രേഷണവുമായി ഒരു ദക്ഷിണ കൊറിയൻ ചാനൽ എത്തിയത്.
ടോക്കിയോ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ സംപ്രേഷണം ചെയ്യുന്നതിനിടയിലാണ് വിവിധ രാജ്യങ്ങളെ താറടിക്കുന്ന രീതിയിൽ എം ബി സി ടി വി ചാനൽ പെരുമാറിയത്. ഒളിംപിക്സിൻ പങ്കെടുക്കുന്ന രാജ്യങ്ങളെ പരിചയപ്പെടുത്തുന്നതിനിടയിലായിരുന്നു ഇത്. ഉക്രെയിനെ പരിചയപ്പെടുത്താൻ ടി വി ചാനൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് 1996-ലെ ചെർണോബിൽ ആണവദുരന്തത്തിന്റെ ചിത്രങ്ങളായിരുന്നു.
റൊമാനിയയെ കാണികൾക്ക് പരിചയപ്പെടുത്തിയത് ഡ്രാക്കുളയുടെ ചിത്രത്തിന്റെ സഹായത്തോടെയാണെങ്കിൽ ഹെയ്ത്തിയെ പ്രതിനിധീകരിച്ച് ടി വി സ്‌ക്രീനിൽ എത്തിയത് അവിടത്തെ ഒരു കലാപത്തിന്റെ ദൃശ്യങ്ങളായിരുന്നു. ചൈനയെ സൂചിപ്പിച്ചത് ഇന്ന് ഏറെ വിവാദമായി മാറിയ വുഹാന്റെ ഭൂപടത്താലും. ഓരോ രാജ്യങ്ങളുടെയും കായികതാരങ്ങൾ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനിടെയായിരുന്നു ഈ പരിചയപ്പെടുത്തലുകൾ നടത്തിയത്.
അതേസമയം ഇറ്റലിയെ പരിചയപ്പെടുത്താൻ പിസ ഗോപുരവും ജപ്പാനെ പരിചയപ്പെടുത്താൻ സുഷിയും മെക്സിക്കോക്ക് ടാകോസും കാണിക്കാൻ ടി വി ചാനൽ മറന്നില്ല. മാർഷൽ ഐലൻഡ്സിനെ പരിചയപ്പെടുത്തിയത് ഒരുകാലത്ത് അമേരിക്കയുടെ ആണവപരീക്ഷണങ്ങളുടെ വേദിയായിട്ടായിരുന്നു. സിറിയയെ പരിചയപ്പെടുത്തിയതാകട്ടെ അഭ്യന്തരയുദ്ധം നടക്കുന്ന രാജ്യമായിട്ടും. ഹൈതിയിലെ കായികതാരങ്ങൾ സ്റ്റേഡിയത്തിലെത്തിയപ്പോൾ അവരുടെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ച് പ്രേക്ഷകരെ ഓർമ്മപ്പെടുത്താനും ചാനൽ മറന്നില്ല.
എന്നാൽ ബ്രിട്ടൻ ഉൾപ്പടെയുള്ള പല രാജ്യങ്ങൾക്കും അത്യന്തം ബഹുമാനം നൽകിക്കൊണ്ടായിരുന്നു പരിചയപ്പെടുത്തൽ. ഇതിനെതിരെ കനത്ത പ്രതിഷേധം പല കോണുകളിൽ നിന്നും ഉയർന്നു. ഒളിംപിക്സിന്റെ ശോഭതന്നെ കെടുത്തുന്ന രീതിയിലായിരുന്നു ടി വി ചാനൽ പെരുമാറിയതെന്ന ആക്ഷേപവും ഉയർന്നു. 2008-ലെ ബെയ്ജിങ് ഒളിംപിക്സിൻ സിമ്മ്ബാബ്വേയെ കടുത്ത നാണയപ്പെരുപ്പം ബാധിച്ച രാഷ്ട്രം എന്നരീതിയിൽ അവതരിപ്പിച്ചതിന് ഈ ചാനലിന് പിഴയൊടുക്കേണ്ടതായി വന്നിട്ടുണ്ട്. ഏതായാലും സംഗതി വിവാദമായതോടെ ടി വി ചാനൽ മാപ്പു പറഞ്ഞു.
ബ്ലാക്ക് ലൈവ്സ് മാറ്ററിനു പിന്തുണയുമായി കോസ്റ്റാറിക്കൻ ജിംനാസ്റ്റ്
കോസ്റ്റാറിക്കയിൽ നിന്നുള്ള ജിംനാസ്റ്റിക് താരം ലൂസിയാന അൽവരാദോ തന്റെ ഫ്ളോർ റൂട്ടീൻ അവസാനിപ്പിച്ചത് ഒരു മുട്ടുകുത്തി, തല പുറകോട്ട് ചായ്ച്ച് വലത്തെ മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കെറിഞ്ഞുകൊണ്ടായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് അമേരിക്കയിലെ മിനപൊലീസിൽ പൊലീസുകാരനാൽ മൃഗീയമായി കൊല്ലപ്പെട്ട ജോർജ്ജ് ഫ്ളോയ്ഡിന്റെ മരണത്തെ തുടർന്നുണ്ടായ വൈറ്റ് ലൈവ്സ് പ്രക്ഷോഭകാരികൾക്കുള്ള തന്റെ ആദരാവാണ് ഇതെന്ന് പിന്നീട് ഈ 18 കാരി പറഞ്ഞു.
ആഗോളതലത്തിൽ തന്നെ സമത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രകടനമായിരുന്നു അത്. എല്ലാവരേയും ഒരുമിച്ചു ചേർക്കുന്ന ഒളിംപിക്സ് വേദിയിൽ ഇത്തരത്തിൽ ഒരു സന്ദേശം നൽകുവാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് ഒളിംപിക്സ് വേദിയാക്കുന്നത് സംഘാടകർ സമ്മതിക്കാറില്ലെങ്കിലും കലാപരമായി പ്രകടിപ്പിച്ച ഈ പ്രതിഷേധത്തിനെതിരെ നടപടികൾ എടുക്കാനുള്ള സാധ്യത ഇല്ലെന്നാണ് അറിയുന്നത്.
അല്പവസ്ത്രം ഒഴിവാക്കി ജർമ്മൻ ജിംനാസ്റ്റിക് താരങ്ങൾ
നേരത്തേ യൂറോപ്പിൽ നടന്നവനിതാ ബീച്ച് വോളി മത്സരം അതിലെ കളിക്കാരുടെ വസ്ത്രധാരണത്തെ ചൊല്ലി വിവാദത്തിലായിരുന്നു. പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് കളിക്കാമെന്നിരിക്കെ സ്ത്രീകൾ ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുവേണം കളിയിൽ പങ്കെടുക്കാൻ എന്ന നിബന്ധന കാറ്റിൽ പറത്തിയ നോർവീജിയൻ ടീമായിരുന്നു വിവാദം സൃഷ്ടിച്ചത്. വസ്ത്രധാരണത്തിലെ ഈ നിയമം കടുത്ത ലിംഗ വിവേചനമാണെന്ന് ആരോപിച്ച ടീമംഗങ്ങൾ ഷോർട്സ് ധരിച്ച് കളിക്കാൻ ഇറങ്ങിയതാണ് വിവാദമായത്.
കളിക്കളത്തിലെ ലിംഗവിവേചനത്തിനെതിരെയുള്ള പ്രതിഷേധം ഒളിംപിക്സ് വേദിയിലും തുടരുകയാണ്. കായികവേദിയിൽ സമത്വം കൊണ്ടുവരാനും, വനിതാ താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കളത്തിൽ ഇറങ്ങാനും സഹായിക്കും എന്ന വാദവുമായി ജർമ്മൻ ജിംനാസ്റ്റിക് താരങ്ങൾ എത്തിയത് ശരീരം മൂടുന്ന വസ്ത്രവും ധരിച്ചായിരുന്നു.
മറുനാടന് ഡെസ്ക്