ജിദ്ദ: ഇന്ത്യൻ എംബസിയുടേയും കോൺസുലേറ്റിന്റേയും പ്രതിനിധികളെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കാൻ ഇന്ത്യൻ സമൂഹത്തെ ഉണർത്തി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. എംബസിയുടെയും കോണ്‌സുലേറ്റിന്റെയും പ്രതിനിധികളും അടുപ്പക്കാരും എന്ന് പരിചയപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്തുമാണ് ആവശ്യക്കാരെ വലയിൽ കുടിക്കുന്നത്. പൊതുജന ശ്രദ്ധയ്ക്കായി തിങ്കളാഴ്ച പുറത്തിറക്കിയ ഒരു നോട്ടീസിലൂടെയാണ് സോഷ്യൽ മീഡിയകളിലും മറ്റുമായി നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യൻ സമൂഹത്തെ ഉണർത്തിയത്.

തട്ടിപ്പിനായി സോഷ്യൽ മീഡിയകളിൽ ഒരുക്കിയിരിക്കുന്ന ചതിക്കുഴികളിൽ വീഴരുതെന്നും ഉദ്യോഗസ്ഥരെന്നും പ്രതിനിധികളെന്നും പരിചയപ്പെടുത്തി സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നവർക്ക് സ്വന്തം വിവരങ്ങളും വ്യക്തിഗത രേഖകളും കൈമാറരുതെന്നും ഇന്ത്യൻ അധികൃതർ ഇന്ത്യൻ സമൂഹത്തെ ഉപദേശിച്ചു. ഇന്ത്യൻ പ്രതിനിധികൾ എന്ന് പരിചയപ്പെടുത്തുന്നവരുടെ തിരിച്ചറിയൽ രേഖ അറിഞ്ഞ ശേഷമേ രേഖകളോ വിവരങ്ങളോ കൈമാറാവൂ.

സോഷ്യൽ മീഡിയകളിലെ അനൗദ്യോഗിക അക്കൗണ്ടുകൾക്ക് കോൺസുലേറ്റുമായോ ഇന്ത്യൻ എംബസിയുമായോ യാതൊരു ബന്ധവുമില്ലെന്നും സംശയങ്ങൾക്കും സഹായങ്ങൾക്കും എംബസിയുടേയോ കോൺസുലേറ്റിന്റേയോ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ (@IndianEmbRiyadh, @CGIJeddah) വഴിയാണ് ബന്ധപ്പെടേണ്ടതെന്നും ജിദ്ദാ കോൺസുലേറ്റ് പൊതുസമൂഹത്തെ ഉൽബോധിപ്പിച്ചു.

വിവിധ ആവശ്യങ്ങൾക്ക് സഹായം തേടുന്നവരെ സമീപിച്ച് സഹായം വാഗ്ദാനം ചെയ്യുകയും പണം വസൂലാക്കി തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോൺസുലേറ്റ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.