കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിഞ്ഞതിന്റെയും വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിന്റെയും ആത്മവിശ്വാസത്തിൽ കുവൈത്ത് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് ഒരു പടികൂടി അടുക്കാൻ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്തിൽ ചൊവ്വാഴ്ച മുതൽ വ്യാപാര സമയ നിയന്ത്രണം ഉണ്ടാകില്ല. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ ഉണ്ടായിരുന്ന വ്യാപാര നിയന്ത്രണം നീക്കാൻ തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

സെപ്റ്റംബർ ഒന്നുമുതൽ വലിയ ഒത്തുകൂടലുകൾ ഒഴികെ മുഴുവൻ ആക്ടിവിറ്റികൾക്കും അനുമതിയുണ്ടാകും. യോഗങ്ങൾ, സോഷ്യൽ ഇവന്റുകൾ, കുട്ടികളുടെ ആക്ടിവിറ്റികൾ തുടങ്ങിയവക്കെല്ലാം നിയന്ത്രണങ്ങളോടെ അനുമതിയുണ്ടാകും.

ഒക്‌ടോബറോടെ വാക്‌സിനേഷനിൽ ഗണ്യമായ പുരോഗതി കൈവരിക്കാനാകുമെന്നും സാമൂഹിക പ്രതിരോധശേഷി കൈവരുമെന്നുമാണ് വിലയിരുത്തൽ. ഓഗസ്റ്റ് ഒന്നുമുതൽ മൊറോകോ, മാൽഡിവ്‌സ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിദേശികളുടെ പ്രവേശന വിലക്ക് നീക്കുന്നതും ഓഗസ്റ്റ് ഒന്നുമുതലാണ്.