ഷാർജ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് നിലനിൽക്കുന്ന വിമാനയാത്രാ വിലക്ക് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ഷാർജ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) കമ്മിറ്റി ആവശ്യപ്പെട്ടു.

മൂന്ന് മാസത്തോളമായി തുടരുന്ന യാത്രാവിലക്ക് മൂലം നിരവധി പേരാണ് നാട്ടിൽ അകപ്പെട്ടിരിക്കുന്നത്. പലരുടെയും വിസാ കാലാവധിയും, കമ്പനികൾ നൽകിയ അവധി ദിനങ്ങളും തീരാറായിട്ടുണ്ട്. ഇതുമൂലം പലരും വലിയ രീതിയിലുള്ള പ്രയാസങ്ങൾ അനുഭവിക്കുകയാണെന്നും യോഗം വിലയിരുത്തി.

നേരിട്ട് യു.എ.ഇയിലേക്ക് വരാൻ പറ്റാതെ നിരവധി പേർ യു.എ.ഇയിലേക്ക് വരാൻ യാത്ര വിലക്കില്ലാത്ത മറ്റു പല രാജ്യങ്ങളെയും ആശ്രയിച്ച് കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വന്ന നിരവധിപേർ മറ്റു പല സാങ്കേതിക കാരണങ്ങളാൽ അർമേനിയയിൽ അകപ്പെട്ടിരിക്കുകയാണ്. ഇവരെയും എത്രയും പെട്ടെന്ന് യു.എ.ഇയിൽ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് വി.കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി നൗഷാദ് മന്ദങ്കാവ് സ്വാഗതവും ട്രഷറർ പി.വി.ഷാജി നന്ദിയും പറഞ്ഞു.