കൊച്ചി: കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) ബിടെക് പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇന്നു നടക്കേണ്ടിയിരുന്ന പരീക്ഷകളും റദ്ദാക്കിയവയിൽപ്പെടും. കോവിഡ് മുൻകരുതൽ സംബന്ധിച്ച യുജിസി മാർഗനിർദേശങ്ങൾ പരീക്ഷാ നടത്തിപ്പിൽ കർശനമായി പാലിക്കാനും സർവകലാശാലയ്ക്കു നിർദ്ദേശം നൽകി.

യുജിസി കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ മാർഗനിർദേശങ്ങളിന്മേൽ സർവകലാശാല ഇതുവരെ നടപടി സ്വീകരിക്കാതിരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഓൺലൈൻ പരീക്ഷയ്ക്കു സോഫ്റ്റ്‌വെയർ ലഭ്യമല്ലെന്നു സർവകലാശാല വാദിച്ചെങ്കിലും അവസാന സെമസ്റ്റർ ഓൺലൈനിൽ നടത്തിയതു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ വാദം തള്ളി.

പരീക്ഷകൾ ഓൺലൈനിലാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി സാഗർ ഉൾപ്പെടെ 8 വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. മറ്റു സെമസ്റ്റർ പരീക്ഷകൾ ഇതുവരെ ഓഫ്ലൈനായി നടത്തിയതുമൂലം അഞ്ഞൂറിലേറെ വിദ്യാർത്ഥികൾക്കു കോവിഡ് ബാധിച്ചതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി.

അപ്പീൽ നൽകും: കെടിയു
വിധിക്കെതിരെ അപ്പീൽ നൽകുമെന്നു സാങ്കേതിക സർവകലാശാല അറിയിച്ചു. ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നതായും അറിയിച്ചു. അപ്പീൽ നൽകുന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നതിനുപകരം മാറ്റിവച്ചത്.