ന്യൂഡൽഹി: വാക്‌സിൻ എടുത്താലും ക്രമേണ പ്രതിരോധ ശേഷി കുറയുമെന്ന് ഗവേഷകർ. അസ്ട്രാസെനക (ഇന്ത്യയിൽ കോവിഷീൽഡ്), ഫൈസർ വാക്‌സീനുകളുടെ പൂർണ ഡോസെടുത്ത് 6 ആഴ്ചയ്ക്കു ശേഷം ഇവ നൽകുന്ന പ്രതിരോധത്തിൽ കുറവു വന്നു തുടങ്ങുമെന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വന്ന ഗവേഷക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

വാക്‌സിൻ എടുത്താലും 23 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയിൽ താഴെയാകും. ഇതു തുടർന്നാൽ വാക്‌സീൻ ഉറപ്പു നൽകുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ചും പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെയുള്ള ഫലപ്രാപ്തിയുടെ കാര്യത്തിൽ.

എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാൻ ഇരു വാക്‌സീനുകൾക്കും കഴിയുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവർക്കും കോവിഡ് പിടിപെടാൻ ഏറെ സാധ്യതയുള്ളവർക്കും ബൂസ്റ്റർ ഡോസിൽ മുൻഗണന നൽകണമെന്നും യുകെയിൽ നടത്തിയ പഠനത്തിലൂടെ ഗവേഷകർ ശുപാർശ ചെയ്യുന്നു.