തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം അതിരൂക്ഷമായ കേരളത്തിലേക്ക് അടിയന്തരമായി അമ്പതുലക്ഷം ഡോസ് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. രാജ്യത്ത് വൈറസിന്റെ ഡെൽറ്റ വകഭേദം സജീവമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അലംഭാവം കൊണ്ട് വാക്‌സിൻ വിതരണം മുടങ്ങുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. രോഗികളുടെ എണ്ണം വർദ്ധിക്കുകയും വാക്‌സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം തയ്യാറാകണം. കോവിഡ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലും എല്ലാവർക്കും വാക്‌സിൻ വിതരണം ലഭ്യമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും അവകാശവാദമായി മാറിക്കഴിഞ്ഞു.

സംസ്ഥാനത്ത് നിലവിൽ വാക്‌സിൻ വിതരണ രീതി ഒട്ടും സുതാര്യമല്ല. പല ജില്ലകളിലും രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ വിതരണം നിർത്തലാക്കുന്നത് കൂടുതൽ അപകടം സൃഷ്ടിക്കും. 1000 മുതൽ 1500 വരെ മാത്രമാണ് പല ജില്ലകളിലും വാക്‌സിൻ ഡോസ് ബാക്കിയുള്ളതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കോവിഡ് പോർട്ടൽ വഴി വാക്‌സിൻ അപേക്ഷ നൽകുന്നവർക്ക് പരിഗണന ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സ്‌പോട്ട് രജിസ്‌ട്രേഷനിലും വ്യാപക ക്രമക്കേടുകളുണ്ട്. വാക്‌സിൻ വിതരണത്തിൽ സംസ്ഥാനം സമ്പൂർണ്ണവിജയമാണെന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും വാദം തികച്ചും തെറ്റാണ്. 18 നും 40 നും ഇടയിലുള്ള 1.50 കോടി ജനങ്ങളാണ് ഇനിയും വാക്‌സിൻ ലഭ്യമാകാതെയുള്ളത്. ഇരുപത് ലക്ഷത്തിലധികം ആളുകൾക്ക് രണ്ടാം ഡോസ് ലഭ്യമായിട്ടില്ല. പാർട്ടി ഓഫീസുകൾ വഴിയും രാഷ്ട്രീയ സ്വാധീനമുള്ളവർക്കും മാത്രം വാക്‌സിൻ വിതരണം ചെയ്യുന്ന രീതി തികച്ചും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു