കോട്ടയം: സഭാപരമായ വിവിധ വിഷയങ്ങളിൽ കത്തോലിക്കാസഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവർ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിത ശ്രമങ്ങൾ വിലപ്പോവില്ലെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കത്തോലിക്കാ സഭയുടെ കുടുംബവർഷാചരണത്തിന്റെ ഭാഗമായി സഭാമക്കൾക്കായി ചില കുടുംബക്ഷേമ പദ്ധതികൾ സീറോ മലബാർ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷൻ ചെയർമാനും പാല രൂപതാധ്യക്ഷനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് ഏറെ സ്വാഗതാർഹവും മാതൃകാപരവുമാണ്. ഇത്തരം ഉറച്ച പ്രഖ്യാപനങ്ങളും തുടർനടപടികളും കത്തോലിക്കാസഭയുടെ കരുത്തും പ്രതീക്ഷയും സഭാസമൂഹത്തിന്റെ ഭാവിയിലേയ്ക്കുള്ള കരുതലുമാണ്. സഭാപിതാക്കന്മാർ സഭയിലെ മക്കൾക്കു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പൊതുസമൂഹം ചർച്ചചെയ്യേണ്ട കാര്യമില്ല. ഇത്തരം സഭാവിഷയങ്ങൾ പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ പിന്നിലുള്ള സഭാവിരുദ്ധ കേന്ദ്രങ്ങളുടെ ആസൂത്രിത അജണ്ടകൾ എതിർക്കപ്പെടേണ്ടതും പൊതുസമൂഹം തിരിച്ചറിയേണ്ടതുമാണ്. പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതികളൊന്നും നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ മറ്റാരെയും ബാധിക്കുന്നതുമല്ല. കത്തോലിക്കാസഭയുടെ പഠനങ്ങളിലും കാഴ്ചപ്പാടിലും സർവ്വോപരി വിശ്വാസത്തിലും അടിയുറച്ച മാർഗ്ഗനിർദ്ദേശങ്ങൾ അവസരോചിതമായും കാലാനുസൃതമായും വിശ്വാസികൾക്ക് നൽകേണ്ടത് സഭാപിതാക്കന്മാരുടെ കടമയും ഉത്തരവാദിത്വവുമാണ്. ആ വലിയ ശുശ്രൂഷാദൗത്യമാണ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചതും തന്റെ പ്രഖ്യാപനത്തിലും നിലപാടിലും അചഞ്ചലനായി ഉറച്ചുനിൽക്കുന്നതും.

ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭയുടെ പ്രവർത്തനങ്ങൾ എക്കാലവും ജീവന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും പങ്കുവയ്ക്കലിന്റെയും ശുശ്രൂഷയിൽ കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് കുടുംബങ്ങളിൽ ശാന്തിയും സമാധാനവും പ്രാർത്ഥനാരൂപിയും ജീവന്റെ മഹത്വവും പങ്കുവയ്ക്കുന്നതാണ് കത്തോലിക്കാസഭയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ഇതിന് ആഗോളതലത്തിൽ വൻ സ്വീകാര്യതയുണ്ടെന്നുള്ളത് കേരളസമൂഹത്തിന് നന്നായിട്ടറിയാം.

ദൈവത്തിന്റെ ദാനമായ കുടുംബത്തിന്റെ സമൃദ്ധിക്കും ഭദ്രതയ്ക്കും നിലനിൽപിനും പിതൃ, മാതൃ, മക്കൾ ബന്ധത്തിന്റെ ഊഷ്മളതയ്ക്കുമായി സഭാപിതാക്കന്മാർ പങ്കുവയ്ക്കുന്ന നിർദ്ദേശങ്ങൾ ഏറെ പഠനങ്ങൾക്കും ചിന്തകൾക്കും ശേഷമുള്ളതാണ്. ഫ്രാൻസീസ് മാർപാപ്പായുടെ പ്രഖ്യാപനത്തെത്തുടർന്ന് 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ കുടുംബവർഷമായി ആഗോള കത്തോലിക്കാസഭ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളിലും സഭാമക്കൾക്കായി ആഗോള കത്തോലിക്കാസഭ വിശ്വസിക്കുകയും പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രബോധനങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ കുടുംബക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അതിനെയാരും ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.