വള്ളിക്കുന്ന്: ജന്മനാ കൈകളില്ലെങ്കിലും കാലുകൊണ്ടെഴുതി ഹയർസെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയിരിക്കുകയാണ് ദേവിക എന്ന മിടുമിടുക്കി. പ്ലസ്ടുവിന് ഹ്യൂമാനിറ്റീസിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടിയാണ് ദേവികയുടെ വിജയം. എല്ലാ പരീക്ഷയും കാലുകൊണ്ടാണ് ദേവിക എഴുതിയത്. വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് സി.പി. ദേവിക.

നേരത്തേ എസ്.എസ്.എൽ.സി. പരീക്ഷയിലും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി ചരിത്രം കുറിച്ചിരുന്നു. ജന്മനാ കൈകൾ ഇല്ലാത്ത ദേവിക ചിത്രകലയിലും പ്രതിഭയാണ്. പാട്ടുപാടാനും മിടുക്കി. ഒലിപ്രംകടവ് സ്വദേശിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.പി. സജീവിന്റെയും സുജിതയുടെയും മകളാണ്. സഹോദരൻ: സി.പി. ഗൗതം. സിവിൽ സർവീസാണ് ദേവികയുടെ ലക്ഷ്യം. ചരിത്രത്തിലോ പൊളിറ്റിക്‌സിലോ ഡിഗ്രി ചെയ്യുമെന്നും വിജയത്തിൽ സന്തോഷമുണ്ടെന്നും ദേവിക പറഞ്ഞു.