ലണ്ടൻ: അവസാനം തെറ്റുകൾ ഏറ്റുപറഞ്ഞ് വെയ്ൻ റൂണി രംഗത്തെത്തി. കഴിഞ്ഞദിവസം ചില യുവതികൾക്കൊപ്പം ഒരു ഹോട്ടൽമുറിയിൽ ഇരിക്കുന്ന ഫുട്ബോൾ താരത്തിന്റെ ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നുവരെ പരാതി നൽകിയതിനു ശേഷമാണ് ഇപ്പോൾ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചു എന്ന് റൂണി ഏറ്റു പറയുന്നത്. മാത്രമല്ല, സ്വന്തം കുടുംബത്തിനോടും ഡെർബി കൗണ്ടിയോടും മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്.

റിയൽ ബെറ്റിസുമായി നടന്ന ഒരു സൗഹാർദ്ദ മത്സരത്തിൽ ഡെർബിയെ വിജയത്തിലെത്തിച്ചതിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. തന്റെ രണ്ട് സുഹൃത്തുക്കളുമൊത്ത് താൻ ഒരു സ്വകാര്യ വിരുന്നിൽ പങ്കെടുക്കാൻ പോയിരുന്നു എന്നും, ഇപ്പോൾ ആ ചിത്രങ്ങൾ വൈറൽ ആയതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെർബി ക്ലബ്ബിനെ പഴയ ഔന്നത്യത്തിലേക്ക് ഉയർത്തുവാൻ ഒരു അവസരം നല്കിയതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ അദ്ദേഹം കഴിഞ്ഞതെല്ലാം കഴിഞ്ഞു എന്നും ഇനി മുന്നോട്ടുള്ള പ്രയാണത്തിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം തുടർന്നു.

ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് റൂണിയുടെ ക്ലബ്ബ് മാനേജർ സ്ഥാനം തെറിക്കുമെന്ന അഭ്യുഹം പരന്നിരുന്നു. ന്നിശാക്ലബ്ബുകളിൽ സ്വയം നിയന്ത്രണമില്ലാതെ പെരുമാറുന്ന റൂണിക്ക് എങ്ങനെ ഒരു കൂട്ടം ചെറുപ്പക്കാരെ നയിക്കാൻ കഴിയുമെന്ന ചോദ്യംഉയർന്നിരുന്നു. മാത്രമല്ല, ആ ചിത്രങ്ങൾ വൈറലായതോടെ അത് ക്ലബ്ബിന്റെ സത്പേരിനെ ബാധിച്ചു എന്ന ആരോപണവും ഉണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളിൽ ഉഴലുന്ന ക്ലബ്ബിനെ നേർവഴി നടത്തിക്കൊണ്ടുവരികയായിരുന്നു ഈ മുൻ ഇംഗ്ലീഷ് താരം.

അതിനിടയിൽ വിവാദചിത്രത്തിൽ റോണിക്ക് ഒപ്പമുണ്ടായിരുന്ന ബ്രൂക്ക് മോർഗൻ, എലിസ് മെൽവിൻ, എലിയനോർ ഹൊഗാർത്ത് എന്നീ യുവതികൾക്ക് 1 പൗണ്ട് വീതം നൽകി ആ ചിത്രത്തിന്റെ പകർപ്പവകാശം റൂണികൈപ്പറ്റിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. യുവതികൾ അദ്ദേഹത്തോട്മാപ്പുപറഞ്ഞു എന്നും ആ ചിത്രങ്ങൾ കൈമാറാൻ സ്വയം സന്നദ്ധരായി മുന്നോട്ട് വരികയായിരുന്നു എന്നും വക്താവ് അറിയിച്ചു.

ഇപ്പോൾ റൂണിക്ക് പകർപ്പവകാശമുള്ള ചിത്രത്തിൽ റൂണി ഒരു കസേരയിൽ ഇരിക്കുന്നതും അടിവസ്ത്രങ്ങൾ അണിഞ്ഞ അദ്ദേഹത്തിന്റെ പെൺസുഹൃത്തുക്കൾ ഒപ്പം നിൽക്കുന്നതുമാണ് ഉള്ളത്. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രിമാഞ്ചസ്റ്ററിലെ ഒരു ഹോട്ടലിൽ വച്ചാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. അതിൽ ഒന്നിൽ, ഒരു യുവതി തന്റെ നിതംബം ഫുട്ബോൾ താരത്തിനു മേൽ ചേർത്ത് വച്ചു നിൽക്കുന്ന ചിത്രവുമുണ്ട്. താൻ പൂർണ്ണവസ്ത്ര ധാരിയാണെന്നും, ഈ ചിത്രങ്ങൾ കാട്ടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നുമായിരുന്നു വെയ്ൻ പൊലീസിൽ പരാതിപ്പെട്ടത്.

ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ പകർപ്പവകാശം ലഭിച്ചതോടെ ഇനി ഇത് സമൂഹമാധ്യമങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചാൽ അവർക്കെതിരെ നിയമനടപടികൾ എടുക്കാൻ റൂണിക്കാവും. ഈ ചിത്രമെടുത്ത യുവതികൾ സ്വമേധയാ റൂണിയുടെ അഭിഭാഷകനെ സമീപിച്ച് ചിത്രങ്ങൾ കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു എന്നാണ് റൂണിയുടെ വക്താവ് പറഞ്ഞത്.

അതേസമയം തന്റെ കുട്ടികളുമൊത്ത് വെയിൽസിൽ ഒഴിവുകാലം ആസ്വദിക്കുന്ന റൂണിയുടെ ഭാര്യ കൊലീൻ റൂണി ഈ വിവാദങ്ങളോട് കാര്യമായി പ്രതികരിച്ചില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഴിവുകാലം റദ്ദാക്കി തിരിച്ചുവരാനു അവർ ഉദ്ദേശിക്കുന്നില്ല. തന്റെ ബാല്യകാല സുഹൃത്തായിരുന്നു കൊലീനിനെ 2008 ലായിരുന്നു റൂണി വിവാഹം കഴിച്ചത്. ഇവർക്ക് നാലു മക്കളുമുണ്ട്.