- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യമൻ സയാമീസ് ഇരട്ട റിയാദിലെത്തി;വേർപ്പെടുത്തൽ ശസ്ത്രക്രിയ വ്യാഴാഴ്ച
ജിദ്ദ: യമൻ പൗരന്മാരായ യൂസുഫ്, യാസീൻ എന്നീ സയാമീസ് ഇരട്ട കുഞ്ഞുങ്ങളെ വേർപ്പെടുത്തൽ ശസ്ത്രക്രിയയ്ക്കായി റിയാദിൽ എത്തിച്ചു. റിയാദിലെ കിങ് സൽമാൻ വ്യോമസേനാ താവളത്തിലാണ് കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കൾക്കൊപ്പം ബുധനാഴ്ച എത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും പ്രത്യേക വ്യോമ ദൗത്യമെന്നോണം മെഡിക്കൽ സൗകര്യങ്ങളോടെയുള്ള പ്രത്യേക വിമാനത്തിൽ യമനിൽ നിന്ന് റിയാദിൽ എത്തിച്ചത്. നടപടികൾക്ക് യമനിലെ അറബ് സഖ്യസേന അകമ്പടിയും പിന്തുണയും നൽകി.
റിയാദിലെ നാഷണൽ ഗാർഡ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ച് പ്രത്യേക ആരോഗ്യ സംഘം വ്യാഴാഴ്ച യൂസുഫിനെയും യാസീനെയും വേർപ്പെടുത്തും. സൗദി കൈവരിക്കുന്ന അമ്പതാമത്തെ സയാമീസ് വേർപ്പെടുത്തൽ ശാസ്ത്രക്രിയയായിരിക്കും വ്യാഴാഴ്ച നടക്കുന്നത്. സ്വന്തം മെഡിക്കൽ സംഘത്തിന്റെ വൈഭവം ഉപയോഗപ്പെടുത്തി സൗദി അറേബ്യയ്ക്ക് ഇതിനായി പ്രത്യേക പദ്ധ്വതി തന്നെയുണ്ട്. ദീർഘ കാലത്തെ പരിചയ സിദ്ധിയാണ് സയാമീസ് വേർപ്പെടുത്തൽ ശസ്ത്രക്രിയയിൽ സൗദി അറേബ്യയ്ക്ക് ഉള്ളത്. ഇരുപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത പ്രായക്കാരും ലിംഗക്കാരുമായ സയാമീസ് ഇരട്ടകൾക്കാണ് ഇതിന്റെ പ്രയോജനം ഇതിനകം ലഭിച്ചിട്ടുള്ളത്.
കുഞ്ഞുങ്ങളുടെ കാര്യത്തിൽ സൗദി ഭരണാധിപൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരനും കാണിക്കുന്ന കാരുണ്യത്തിന് രക്ഷിതാക്കൾ ആനന്ദബാഷ്പത്തോടെ നന്ദി രേഖപ്പെടുത്തി. ആഭ്യന്തര യുദ്ധം ദുരിതം വിതച്ച നാട്ടിലെ ഒരു മാനുഷിക പ്രശനം ശ്രദ്ധയിൽ പെട്ടപ്പോൾ അക്കാര്യത്തിൽ നടപടി കൈകൊണ്ട സൗദി ഭരണ നേതൃത്വത്തിന് ആഗോള പ്രശസ്തനായ സൗദി സയാമീസ് ശസ്ത്രക്രിയ വിദഗ്ധനും ദുരിതാശ്വാസ - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കിങ് സൽമാൻ സെന്റർ കാര്യദർശി ഡോ. അബ്ദുല്ല അൽറബീഅ പ്രകീർത്തിച്ചു.