തിരുവനന്തപുരം: നാഷണൽ ലോ യൂണിവേഴ്സിറ്റി അഡ്‌മിഷനുള്ള ക്ലാറ്റ് റിസൾട്ട് പഖ്യാപിച്ചതിനെ തുടർന്ന് അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമാകേണ്ട വിദ്യാർത്ഥികൾ നാളെ ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി 50,000 രൂപ അടയ്ക്കണം എന്ന സർവകലാശാലയുടെ നിബന്ധന അർഹരായ നിരവധി വിദ്യാർത്ഥികളുടെ അവസരം തുലയ്ക്കുന്ന തികച്ചും വിവേചനപരമായ വ്യവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.

മെറിറ്റിനേക്കാൾ ഉപരി വിദ്യാർത്ഥികളുടെ സാമ്പത്തിക ശേഷിയാണ് നീതി- നിയമമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ലോ യൂണിവേഴ്സിറ്റി കണക്കിലെടുത്തത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തു നല്കി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥി സമൂഹം നേരിടുന്ന വിവേചനത്തിന്റെ മറ്റൊരു പതിപ്പാണ് ഒറ്റദിവസംകൊണ്ട് 50,000 രൂപ അടയ്ക്കുന്നവർക്ക് മാത്രം അലോട്ട്മെന്റ് പ്രക്രിയയുടെ ഭാഗമാകാൻ സാധിക്കൂ എന്ന വ്യവസ്ഥ വയ്ക്കുന്നത്.

കോവിഡ് മഹാമാരിമൂലം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ആകെ പരുങ്ങലിൽ ആയിരിക്കുമ്പോഴാണ് ലോ യൂണിവേഴ്സിറ്റി അപ്രായോഗിക നിബന്ധനകൾ വയ്ക്കുന്നത്. ഈ ദുർഘട കാലഘട്ടത്തിൽ സാധാരണക്കാർക്ക് പ്രാപ്യമല്ലാത്ത രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ സമ്പന്നർക്ക് തീറെഴുതി കൊടുക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.