വേഷകരുടെ ഇഷ്ട മേഖലയാണ് മറിയാനാ ട്രഞ്ച്. ഇതിന്റെ ഒടുക്കത്തെ ആഴം തന്നെയാണ് ഗവേഷകരെ മറിയാനാ ട്രഞ്ചിലേക്ക് ആകർഷിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഗവേഷകർ മറിയാനാ ട്രഞ്ചിൽ ഗവേഷണം നടത്തുന്നുണ്ട്. ഇപ്പോഴിതാ മരിയാന ട്രഞ്ചിൽ നിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും സാധിക്കുന്ന വലുപ്പത്തിലുള്ള വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ.

മരിയാന ട്രഞ്ചിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചർ ഡീപ്പിൽ നിന്നാണ് ഈഭീമൻ വൈറസുകളെ കണ്ടെത്തിയത്. സൂര്യപ്രകാശം ഒരിക്കലും കടന്നു ചെല്ലാത്ത ഈ മേഖലയിൽ വീന്റെ അംശമുണ്ടെന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചലഞ്ചർ ഡീപ്പിന് 36,000 അടി ആഴമുണ്ട്. ചലഞ്ചർ ഡീപ്പിൽ നിന്നും സാംപിളുകൾ കൊണ്ടുവരികയെന്നത് സാങ്കേതികമായി നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ അഞ്ച് വർഷം മുൻപ് ചൈനീസ് ഗവേഷണ കപ്പലായ ഷാങ് ജിയാൻ ഈ ദൗത്യം വിജയകരമായി നിർവ്വഹിച്ചു.

ഈ സാംപിളിൽ നിന്നും 15 വ്യത്യസ്ത വൈറസുകളേയും നൂറിലേറെ സൂഷ്മജീവികളേയുമാണ് തിരിച്ചറിഞ്ഞത്. ഉയർന്ന മർദത്തിന് പുറമേ കഠിനമായ തണുപ്പും വളരെക്കുറച്ച് ഭക്ഷണ സാധ്യതയുമൊക്കെയാണ് ഈ ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശത്തുള്ളതെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പ്രൊഫ. ലി സുവാൻ പഠനത്തിൽ പറയുന്നു.

ചലഞ്ചർ ഡീപ്പിന്റെ അടിത്തട്ടിൽ നിന്നും ശേഖരിച്ച വസ്തുക്കളിൽ നിന്നും കണ്ടെത്തിയതിൽ നാല് ശതമാനവും മിമി വൈറസുകളായിരുന്നു. ഈ മിമി വൈറസുകളെ ആദ്യകാലത്ത് ബാക്ടീരിയകളാണെന്ന് ശാസ്ത്ര സമൂഹം തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏതാണ്ട് 700 നാനോമീറ്റർ വരെയുള്ള വലുപ്പവും നാരുകൾ നിറഞ്ഞ ശരീരവും നഗ്‌നനേത്രങ്ങൾ കൊണ്ട് ചിലപ്പോഴെങ്കിലും കാണാൻ സാധിക്കുമെന്നതുമൊക്കെയായിരുന്നു ഈ തെറ്റിദ്ധാരണക്ക് പിന്നിൽ.

പഠനം നടത്തിയ ലീക്കും സംഘത്തിനും ചലഞ്ചർ ഡീപ്പിൽ നിന്നും ശേഖരിച്ച സാംപിളുകൾ നേരിട്ട് പഠിക്കാൻ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഗവേഷകർ വേർതിരിച്ച വിവരങ്ങളിൽ നിന്നും നിർണായകമായ കണ്ടെത്തലുകൾ നടത്താൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. മറ്റു വൈറസുകളെ അപേക്ഷിച്ച് വലിയ ഈ മിമി വൈറസുകൾ ചില സസ്തനികളിൽ കോശങ്ങൾ നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ മനുഷ്യർക്ക് എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളി ഇതുവഴിയുണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.