ന്യൂഡൽഹി: പെഗസെസ് വിവാദം ആളി കത്തുമ്പോഴും അത് സൃഷ്ടിച്ച ഇസ്രയേൽ സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിൽ റിക്രൂട്‌മെന്റ് തകൃതി. ആൻഡ്രോയ്ഡ് ഡവലപ്‌മെന്റുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്കാണ് കഴിഞ്ഞ ദിവസം എൻഎസ്ഒ അപേക്ഷ ക്ഷണിച്ചത്. പ്രധാന തസ്തികയിലുള്ളവർക്ക് പ്രതിമാസം 27 ലക്ഷം രൂപ വരെയാണ് ശമ്പളമായി നൽകുന്നതെന്ന് ഇസ്രയേൽ ടെക് പ്ലാറ്റ്‌ഫോമുകൾ റിപ്പോർട്ട് ചെയ്തു.

വിവാദം തിരിച്ചടിയായെന്നു പറയുമ്പോഴും ഗ്രൂപ്പിലെ ജീവനക്കാരെ കൊത്തിക്കൊണ്ടുപോകാൻ വൻ ഓഫറുകളുമായി മറ്റ് കമ്പനികൾ തിക്കിത്തിരക്കുകയാണെന്നു ജീവനക്കാർ പറഞ്ഞു. വിവാദം തുടങ്ങിയശേഷം മാത്രം ക്വാളിറ്റി എൻജിനീയറായ ഒരാൾക്കു ലഭിച്ചത് പത്തിലധികം വൻ ജോബ് ഓഫറുകൾ.

മുൻപുണ്ടായ വിവാദങ്ങളിൽ നിറം മങ്ങിയെങ്കിലും പുതിയ സംഭവങ്ങളോടെ എൻഎസ്ഒ ജീവനക്കാർക്ക് ഡിമാൻഡ് കൂടി. ശമ്പളം മാത്രമല്ല എൻഎസ്ഒയുടെ ആകർഷണം. ജീവനക്കാർക്ക് എല്ലാ വർഷവും വിദേശയാത്രയും സ്ഥിരമായി വമ്പൻ പാർട്ടികളുമുണ്ട്. കുടുംബത്തിന്റെ മൊത്തമായ ആരോഗ്യസംരക്ഷണവും ഏറ്റെടുക്കും. തൊഴിലിടങ്ങളിൽ ഉപയോഗിക്കാൻ പ്രത്യേക സ്മാർട്‌ഫോൺ, സ്പോർട്സ് ഇവന്റ്‌സ്, ജിംനേഷ്യം അംഗത്വം തുടങ്ങി പലതുമുണ്ട്.

അതേസമയം എൻഎസ്ഒയുടെ ഇസ്രയേലിലെ ഓഫിസിൽ പ്രതിരോധ വകുപ്പ് പരിശോധന നടത്തി. പരിശോധനയെ സ്വാഗതം ചെയ്യുന്നതായി എൻഎസ്ഒ പ്രതികരിച്ചു. പെഗസസ് വിവാദത്തിനു പിന്നാലെ ഇസ്രയേൽ സർക്കാർ അന്വേഷണത്തിനു മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു.