സെപ്റ്റംബർ അവസാനത്തോടെ നൈറ്റ് ക്ലബ്ബുകളിലും മറ്റു വേദികളിലും യൂണിവെഴ്സിറ്റികളിലും പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കുമെന്ന് ബോറിസ് ജോൺസൺ. തെറ്റായ വാക്സിൻ പാസ്സ്പോർട്ട് പ്ലാൻ എന്ന് ആക്ഷേപിച്ച് 50 ഭരണകക്ഷി എം പിമാർ രംഗത്തെത്തി. വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച എം പിമാർ പാർലമെന്റിൽ ഈ നിർദ്ദേശം എത്തുമ്പോൾ ഇതിനെ തുറന്ന് എതിർക്കുമെന്ന് പ്രസ്താവിച്ചു. തീർത്തും അപ്രയോഗികമായ ഈ നടപടി അനാവശ്യമായ ഒന്നാണെന്നും അവർ പറയുന്നു.

എൻ എച്ച് എസ് ആപ്പിൽ ബ്രിട്ടീഷുകാർ വാക്സിൻ ചെയ്തു എന്ന് തെളിയിക്കുന്നതിനുള്ള ഓപ്ഷനുകൾ ലഭ്യമാക്കിയതിനുശേഷം ഉപായത്തിൽ വാക്സിൻ പാസ്സ്പോർട്ട് നടപ്പിലാക്കാനുള്ള തന്ത്രമാണിതെന്ന് വിമത എം പിമാർ പറയുന്നു. കോവിഡ് പാസ്സ്പോർട്ട് സാങ്കേതിക വിദ്യ നൽകുന്നതിനായി ഒരു സ്വകാര്യകമ്പനിയുമായി സർക്കർ 12 മാസത്തെ കരാർ ഒപ്പുവച്ച കാര്യം പുറത്തുവന്നു. ഇത് എത്രകാലം ബ്രിട്ടീഷുകാർ വാക്സിനേഷൻ സർട്ടിഫിക്കറ്റും കൊണ്ട് നടക്കേണ്ടിവരും എന്ന കാര്യത്തിൽ ആശങ്ക ഉയർത്തുന്നു.ൻ

വാക്സിൻ പാസ്സ്പോർട്ട് പരോക്ഷമായി നിർബന്ധമാക്കുന്നതിന്റെ മറ്റൊരു തെളിവായി ഇന്നലെ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് നടത്തിയ പ്രസ്താവന. ഓഫീസുകളിലേക്ക് മടങ്ങിയെത്തുന്നതിനു മുൻപായി ജീവനക്കാർ എല്ലാവരും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്ത സ്മാർട്ട് പോളിസി എല്ലാ വ്യാവസായിക സ്ഥാപനങ്ങളും നടപ്പിലാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കുന്നത് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കുമെന്നും, അത് തീർത്തും അപകടകരമായ ഒരു സാഹചര്യമായിരിക്കുമെന്നും ടോറി എം പി ക്രെയ്ഗ് മാക്കിൻലേ പറഞ്ഞു.

ഇത്തരത്തിലൊരു നയം ജനങ്ങൾക്കിടയിൽ വിഭജനം ഉണ്ടാക്കുമെന്നാണ് മറ്റൊരു ഭരണകക്ഷി എം പി സർ ഗ്രഹാം ബ്രാഡി പറയുന്നത്. ആരോഗ്യപരവും വിശ്വാസപരവുമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവരുണ്ട്. സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തുന്ന നയമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഏകദേശം നാല്പതോളം ഭരണകക്ഷി എം പിമാർ ഈ നയത്തിനെതിരെ ഒപ്പ് വച്ച നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഈ നയം നടപ്പാക്കുകയില്ലെന്നും പരാജയം മണത്താൽ ഈ ബിൽ പ്രതിനിധി സഭയിൽ സർക്കാർ അവതരിപ്പിക്കുകയില്ലെന്നുമാണ് മിക്ക പാർട്ടി അനുഭാവികളും വിശ്വസിക്കുന്നത്.

സർക്കാരിന്റെ കോവിഡ് പാസ്സ്പ്പോർട്ട് നടപ്പാക്കാൻ ഉതകും വിധം എൻ എച്ച് എസ് ആപ്പിൽ ഡൊമെസ്റ്റിക്, ട്രാവൽ എന്നീ രണ്ട് ഓപ്ഷനുകളാണ് പുതിയതായി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിനകത്ത് വിവിധ വേദികൾ സന്ദർശിക്കേണ്ട അവസരത്തിൽ ഡോമെസ്റ്റിക് ഓപ്ഷൻ ഉപയോഗിക്കാം. യാത്ര ചെയ്യുന്നവർക്കുള്ളതാണ് ട്രാവൽ ഓപ്ഷൻ. ഇതോടൊപ്പം ക്യൂ ആർ കോഡും ഉണ്ടായിരിക്കും.

അതേസമയം, വൻ തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങളിൽ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കുന്നതിൽ ന്യായമുണ്ടെങ്കിലും ദൈനംദിന ജീവിതത്തിൽ അത് നിർബന്ധമാക്കുന്നതിനോട് യോജിക്കാനാവില്ല എന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പറഞ്ഞു. വാക്സിൻ ഒന്നുകൊണ്ട് മാത്രം രോഗവ്യാപനം തടയാൻ കഴിയില്ലെന്നും വൻ ജനക്കൂട്ടം ഒഴുകിയെത്തുന്ന കായിക മത്സരവേദികൾ പോലുള്ളിടങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.