- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഭീകരവാദി എങ്ങനെയാണ് സ്വർണം നേടുക? ഷൂട്ടിങിൽ സ്വർണം നേടിയ ഇറാൻ താരത്തിനെതിരെ പ്രതിഷേധം
ടോക്യോ: ഷൂട്ടിങിൽ സ്വർണം നേടിയ ഇറാൻ താരത്തിനെതിരെ പ്രതിഷേധം പുകയുന്നു. ഒരു ഭീകരവാദി എങ്ങനെയാണ് സ്വർണം നേടുക എന്ന ചോദ്യമാണ് കായികതാരങ്ങൾ ഉയർത്തുന്നത്. 10 മീറ്റർ എയർ പിസ്റ്റളിൽ ഇറാൻ താരം ജവാദ് ഫാറൂഖി സ്വർണം നേടിയതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയര്ഡന്നത്. ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സിലെ അംഗമായ ജവാദ് ഫാറൂഖിക്ക് ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അനുമതി നൽകിയതിനെതിരേയാണ് വിവാദം കത്തുന്നത്.
2019-ൽ അമേരിക്ക ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയ സംഘടനയാണ് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). മനുഷ്യത്വത്തിന് എതിരായി പ്രവർത്തിക്കുന്ന, ഭീകരവാദം പ്രചരിപ്പിക്കുന്ന ഒരു സംഘടനയിലെ അംഗത്തെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.
ഒരു ഭീകരവാദി എങ്ങനെയാണ് സ്വർണം നേടുക എന്നും അത് പരിഹാസ്യമായ കാര്യമാണെന്നും കൊറിയയുടെ ഷൂട്ടിങ് താരം ജിങ് ജോങ് ഓഹ് ചൂണ്ടിക്കാട്ടുന്നു. കൊറിയ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിങ് ജോങ് ഓഹിന്റെ പ്രതികരണം. ആറു തവണ ഒളിമ്പിക്സിൽ മെഡൽ നേടിയുള്ള ജിങ് ജോങ് ഓഹ് ടോക്യോയിലും മത്സരിച്ചിരുന്നു. എന്നാൽ 10 മീറ്റർ എയർ പിസ്റ്റളിൽ യോഗ്യതാ റൗണ്ട് പിന്നിടാനായില്ല.
2018-ൽ ഇറാനിൽ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരനെ കൊന്നു എന്നാരോപിച്ച് തൂക്കിലേറ്റിയ ഇറാനിയൻ ഗുസ്തി താരം നവീദ് അഫ്കാരിയുടെ നീതിക്കായി പോരാടുന്നവരും ജവാദ് ഫാറൂഖിക്കെതിരേ രംഗത്തെത്തി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എത്രയും വേഗത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
41-കാരനായ ഫാറൂഖി വർഷങ്ങളായി ഐആർജിസിയിലെ അംഗമാണെന്നും ഇറാനിലേയും ഇറാഖിലേയും ലെബനിലേയും ജനങ്ങളെ കൊന്നൊടുക്കുന്ന സംഘടനാണ് ഐആർജിസിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒളിമ്പിക് കമ്മിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.