- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറബിക്കടലിലൂടെ നീങ്ങിയ ഇസ്രയേൽ എണ്ണക്കപ്പലിനു നേരെ ഒമാൻ തീരത്തുനിന്നും ഡ്രോണാക്രമണം; തത്സമയം കൊലപ്പെട്ടത് രണ്ടുപേർ; ഇറാനെ പാഠം പഠിപ്പിക്കുമെന്ന് ഇസ്രയേൽ
മദ്ധ്യപൂർവ്വ മേഖലയിൽ വീണ്ടും സംഘർഷസാധ്യതകൾ ഉയർത്തി ഇസ്രയേലി എണ്ണ ടാങ്കറിനു നേരെ ആക്രമണം. ഓമാൻ തീരത്തുവച്ചുണ്ടായ ആക്രമണത്തിൽ ഒരു ബ്രിട്ടീഷുകാരനടക്കം കപ്പലിലെ രണ്ടു ജീവനക്കാർ കൊല്ലപ്പെട്ടു. ജാപ്പനീസ് ഉടമസ്ഥതയിലുള്ളതും നിലവിൽ ഇസ്രയേലി കോടീശ്വരൻ എയാൽ ഒഫെറിന്റെ നിയന്ത്രണത്തിൽ ഉള്ളതുമായ എം ടി മേഴ്സർ സ്ട്രീറ്റ് എന്ന എണ്ണകപ്പലിനു നേരെയാണ് വ്യാഴാഴ്‌ച്ച ഡ്രോൺ ആക്രമണം ഉണ്ടായത്. അറബിക്കടലിലെ മസിറാ ദ്വീപിനു സമീപം വച്ചായിരുന്നു ആക്രമണം.
അജ്ഞാതരുടെ ആക്രമണത്തിൽ ഒരു ബ്രിട്ടീഷ് പൗരനും ഒരു റൊമേനിയൻ പൗരനും കൊല്ലപ്പെട്ടു എന്നാണ് കപ്പലിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സോഡിയാക് മാരിടൈം എന്ന കമ്പനി അറിയിച്ചത്. ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന നിഴൽ യുദ്ധത്തിന്റെ ഭാഗമാണ് ഈ ആക്രമണം എന്ന് വിശ്വസിക്കുവാൻ എല്ലാ തെളിവുകളുമുണ്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കപ്പലുകൾക്ക് നേരെ ഈ മേഖലയിൽ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്.
ഏതെങ്കിലും ഭരണകൂടമോ സംഘടനകളോ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇനിയും ഏറ്റെടുത്തില്ല. എന്നാൽ, ഇറാനും അവരോട് കൂറുപുലർത്തുന്ന ചില തീവ്രവാദ സംഘടനകളും ഇത്തരത്തിലുള്ള ഡ്രോണുകൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണം അടുത്തകാലത്ത് വർദ്ധിച്ചു വരുന്നുണ്ട് എന്നത് വാസ്തവമാണ്. ആംബ്രേ എന്ന ബ്രിട്ടീഷ് മാരിടൈം കമ്പനിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്ന വ്യക്തിയാണ് കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരൻ.
ഈ ആക്രമണത്തെ കുറിച്ച് കുറച്ചു വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നും ലഭിച്ച വിവരങ്ങൾ പരസ്പരവിരുദ്ധമാണെന്നും റോയൽ നേവിയുടെ വിഭാഗമായ യുണൈറ്റെഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിക്കുന്നു. വ്യാഴാഴ്‌ച്ച രാത്രിയാണ് ആക്രമണം ഉണ്ടായിട്ടുള്ളതെന്നും എന്നാൽ, അതിൽ കടൽക്കൊള്ളക്കാർക്ക് പങ്കില്ലെന്നുംഅവർ പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് സോഡിയാക് മാരിടൈം അറിയിച്ചിട്ടുണ്ട്.
ടാൻസാനിയയിടെ ഏറ്റവും വലിയ തുറമുഖമായ ദാർ എസ് സലാമിൽ നിന്നും യു എ ഇയിലെ ഫുജാറിയ തുറമുഖത്തെക്ക് പോവുകയായിരുന്ന കപ്പലിൽ പക്ഷെ ആക്രമണം നടന്ന സമയത്ത് ചരക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇസ്രയേലോ ഇറാനോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഈ ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്നാണ് ഇസ്രയേലിലെ ഐ ഡി സി ഹെർസ്ലിയ യൂണിവേഴ്സിറ്റിയിൽ ഇറാൻ നയതന്ത്രത്തിലും സുരക്ഷയിലും വിദഗ്ദനായ മീർ ജാവേദ്ഫാർ അഭിപ്രായപ്പെട്ടത്.
ഇറാനകത്ത് വർദ്ധിച്ചു വരുന്ന ആക്രമ സംഭവങ്ങളിൽ ഇറാൻ ഭരണകൂടം അസ്വസ്ഥരാണെന്ന് ജാവേദ്ഫർ ചൂണ്ടിക്കാട്ടുന്നു. നടാൻസ് യുറേനിയം പ്ലാന്റിനു നേരെ ഏപ്രിലിൽ നടന്ന ആക്രമണം ഉൾപ്പടെയുള്ളവയിൽ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഇറൻ കരുതുന്നത്. ഇസ്രയേലിനകത്ത് കയറി ആക്രമിക്കാൻ കഴിയാത്തതിനാൽ പ്രതികാര നടപടികളായി ഇത്തരത്തിൽ കപ്പലുകളെ ആക്രമിക്കുന്നത് ഇറാൻ സൗകര്യപ്രദമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യപൂർവ്വ ദേശത്തെ രണ്ട് സൈനിക ശക്തികൾ തമ്മിലുള്ള നിഴൽ യുദ്ധത്തിന് ശക്തി വർദ്ധിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ