മൂന്നാം തരംഗം ആരംഭിച്ചതിനുശേഷം ഇതാദ്യമായി ചികിത്സതേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നു. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് ജൂലായ് 25 ന് ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയെത്തിയ കോവിഡ് രോഗികളുടെ എണ്ണം 785 ആണ്. തൊട്ടു മുൻപത്തെ ദിവസം ഇത് 793 ആയിരുന്നു. മെയ്‌ 12 ന് ശേഷം ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഒരു കുറവുണ്ടാകുന്നത്.

അതേസമയം പ്രതീക്ഷകൾക്ക് ചിറകുകൾ മുളപ്പിച്ചുകൊണ്ട് ബ്രിട്ടനിലെ കോവിഡ് വ്യാപന നിരക്ക് തുടർച്ചയായ ഒമ്പതാം ദിവസവും താഴേക്ക് തന്നെ. മൂന്നാം തരംഗത്തിന്റെ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവാണ് ദൃശ്യമാകുന്നത്. ഇന്നലെ 29,622 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 18.6 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. അതുപോലെ മരണ നിരക്കിലും കുറവ് ദൃശ്യമാകുന്നുണ്ട്.

എന്നാൽ രോഗവ്യാപനം കുറയുന്നതിന് പല കാരണങ്ങളും ഉണ്ടാകാം എന്ന അഭിപ്രായമാണ് ശാസ്ത്രജ്ഞർ ഉയർത്തുന്നത്. എൻ എച്ച് എസ് ആപ്പ് നിർദ്ദേശിച്ചാൽ സെൽഫ് ഐസൊലേഷനിൽ പോകേണ്ടതായി വരും എന്ന ഭയത്തിനാൽ, രോഗപരിശോധനക്ക് മുന്നോട്ട് വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്നതാണ് അതിൽ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്രമരഹിതമായി നടത്തിയ ഒരു പരിശോധനയുടെ ഫലം, ഇംഗ്ലണ്ടിൽ രോഗവ്യാപനം വർദ്ധിക്കുകയാണെന്ന് സ്ഥിരീകരിച്ചത് ഈ സംശയം ശരിവയ്ക്കുന്നു.

എന്നാൽ, ഇത്തരത്തിലുള്ള പരിശോധന റിപ്പോർട്ടുകളിൽ ഏറ്റവും പുതിയ യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കില്ല എന്നാണ് ഭൂരിഭാഗം വിദഗ്ദരുടെയും അഭിപ്രായം. രജ്യമാകമാനം പൊതുവെ രോഗവ്യാപനം കുറയുക തന്നെയാണെന്നാണ് ഇവർ പറയുന്നത്. സ്‌കൂളുകൾ വേനലവധിക്ക് അടച്ചതോടെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തുന്ന രോഗപരിശോധനയും നിലച്ചിരിക്കുകയാണ്.രോഗികളുടെ എണ്ണം കുറയുന്നതിന് ഇതും ഒരു കാരണമായി ചിലർ എടുത്തുകാട്ടുന്നു. എന്നിരുന്നാലും ആർ നിരക്കിൽ ചെറിയ ഒരു കുറവ് വന്നിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി രോഗവ്യാപനം മന്ദഗതിയിൽ ആകുകയും ചെയ്യും.

അതേസമയം ഇന്നലെ വാക്സിൻ പദ്ധതിക്ക് വേഗതയേറി. ഇന്നലെ 42,410 പേർക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. 1,80,155 പേർക്ക് വാക്സിന്റെ രണ്ടാം ഡോസും നൽകി. ഇതോടെ ബ്രിട്ടനിലെ മൊത്തം പ്രായപൂർത്തിയായവരിൽ 88.4 ശതമാനം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. 71.8 ശതമാനം പേർക്ക് രണ്ടു ഡോസുകളും ലഭിച്ചിട്ടുമുണ്ട്.