- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാമാരി വരുമ്പോഴും ലിംഗ വിവേചനം; കോവിഡ് ബാധിച്ചാൽ പുരുഷന്മാർക്ക് തളർച്ചയും പനിയും വരുമ്പോൾ സ്ത്രീകൾക്ക് ചുമയും നെഞ്ചു വേദനയും
പുരുഷന്മാർ മാത്രമല്ല, കൊറോണയും സ്ത്രീ സമത്വത്തിന് എതിരാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കോവിഡിന്റെ ലക്ഷണങ്ങൾ സ്ത്രീയിലും പുരുഷനിലും സമാനമായിരിക്കില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. കോവിഡ് രോഗം ബാധിച്ച പ്രായപൂർത്തിയായ 38,000 പേരിൽ നിന്നും ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ കിങ്സ് കോളേജ് ലണ്ടനിലെ ഗവേഷകരാണ് ഇത് കണ്ടുപിടിച്ചത്.
കോവിഡ് ബാധിച്ചാൽ പുരുഷന്മാർക്ക് സാധാരണയായി ശ്വാസതടസ്സം, തളർച്ച, പനിയും കുളിരും തുടങ്ങിയ ലക്ഷണങ്ങളാകും ഉണ്ടാകുന്നതെങ്കിൽ ഘ്രാണശക്തി നഷ്ടപ്പെടുക, നെഞ്ചുവേദന, തുടർച്ചയായ ചുമ എന്നിവയായിരിക്കും സ്ത്രീകളിൽ സാധാരണയായി ഉണ്ടാകുന്ന ലക്ഷണങ്ങൾ. പനി, തുടർച്ചയായ ചുമ, ഘ്രാണശക്തി നഷ്ടപ്പെടുക എന്നിവയാണ് പൊതുവേ കോവിഡിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ, പനി രോഗബാധയുടെ ആദ്യനാളുകളിൽ പ്രകടമാവുകയില്ല എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
സോയെയുടെ കോവിഡ് സിംപ്ടം ആപ്പിൽ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം പറയുന്നത് 60 വയസ്സുകഴിഞ്ഞവരിൽ കോവിഡിന്റെ ലക്ഷണമായി അതിസാരം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ്. ഘ്രാണശക്തി നഷ്ടപ്പെടുക എന്ന ലക്ഷണം പക്ഷെ പ്രായം അധികമുള്ള രോഗികളിൽ വളരെ കുറവുമാത്രമാണ് കാണപ്പെട്ടത്. ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് എന്ന മഹാമാരിയെ വാക്സിനുകൾ ഒരല്പം വീര്യം കൂടിയ ജലദോഷമാക്കി മാറ്റി എന്ന് നേരത്തേ ഈ ആപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മറ്റൊരു പഠനം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വാക്സിൻ ഡോസുകളും എടുത്ത ബ്രിട്ടീഷുകാർക്ക് ഇപ്പോൾ കോവിഡ് ബാധിച്ചാൽ, തലവേദന, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടയിൽ അസ്‌കിതകത എന്നിവയായിരിക്കും പ്രധാന ലക്ഷണങ്ങളായി വരിക. എന്നാൽ, നിലവിലെ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
കോവിഡിന്റെ ആദ്യകാല ലക്ഷണങ്ങൾ വൈവിധ്യമാർന്നതാണെന്നും ഓരോ വ്യ്കതിക്കും അത് വ്യത്യസ്തമായേക്കാം എന്നുമുള്ള കാര്യം ജനങ്ങൾ അറിഞ്ഞിരിക്കണം എന്നാണ് കിങ്സ് കോളേജ് ലണ്ടനിലെ പഠനത്തിന് നേതൃത്വം നൽകിയ ക്ലെയർ സ്റ്റീവ്സ് പറയുന്നത്. രോഗം നേരത്തേ തിരിച്ചറിയാൻ പരിശോധനാ മാനദണ്ഡങ്ങൾ പുതിയ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ തിരുത്തിയെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും ഉള്ളവർക്ക് ലാറ്ററൽ ഫ്ളോ ടെസ്റ്റ് ഒഴിവാക്കുക എന്നതും പുതിയ നിർദ്ദേശങ്ങളീൽ ഉൾപ്പെടുന്നു.
മറുനാടന് ഡെസ്ക്