- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലി താരത്തോട് ഏറ്റുമുട്ടി കൈ മലിനീകരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറി അൾജീരിയൻ സുഡാനി അത് ലറ്റുകൾ; സമ്മർദ്ദത്തെ മറികടന്ന് കെട്ടിപ്പിടിച്ച് സാഹോദര്യം കാട്ടി സൗദിയും ഇസ്രയേലും മത്സരത്തിലേക്ക്; ഒളിംപിക്സിലെ മതവിദ്വേഷ കഥ
ടോക്യോ: ലോക സമാധാനത്തിന്റെ കാഹളം മുഴങ്ങുന്ന ഒളിംപിക്സ് വേദിയിലും മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നവർ അറിയുന്നില്ല, കുളത്തോട് പിണങ്ങി കൂളിക്കാതിരുന്നാൽ ശരീരം നാറുമെന്നല്ലാതെ കുളത്തിന് ഒരു കുഴപ്പവും സംഭവിക്കുകയില്ലെന്ന്. ഇസ്രയേലിനെതിരെ കളിക്കാൻ തങ്ങളിലെന്ന് പറഞ്ഞ് അൾജീരിയൻ സുഡാനി അത്ലറ്റുകൾ മത്സരത്തിൽ നിന്നും ഒഴിഞ്ഞപ്പോൾ എതിരാളിയായ ഇസ്രയേലിതാരത്തെ പുണർന്ന് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ച് ആദരവേറ്റുവാങ്ങുകയാണ് സൗദി വനിതാ കായികതാരം.
മത്സരത്തിന്റെ ഗതിവിഗതിയിൽ അടുത്തതായി ഇസ്രയേലി ജൂഡോ താരമായ തൊഹാർ ബുട്ബുലുമായി ഏറ്റുമുട്ടേണ്ടിവരും എന്ന് മനസ്സിലാക്കിയ അൾജീരിയൻ താരം ഫെതി നൂരിൻ പുരുഷ ജൂഡോ മത്സരങ്ങളിൽ നിന്നും പിന്മാറുകയായിരുന്നു. സുഡാൻ താരം മുഹമ്മദ് ബദൽറസൂലുമായിട്ടുള്ള മത്സരത്തിൽ വിജയിച്ചാൽ നൂറിൻ അടുത്തതായി മത്സരിക്കെണ്ടത് ബുട്ബുലുമായിട്ടായിരുന്നു. എന്നാൽ, ഒരു ഇസ്രയേലി കായികതാരവുമായി മല്ലയുദ്ധം നടത്തി തന്റെ കൈകൾ മലീമസമാക്കുവാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഈ അൾജീരിയൻ താരം മത്സരത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
അബ്ദൽറസൂലുമായി പോലും മത്സരിക്കാതെയാണ് നൂറിൻ മത്സരത്തിൽ നിന്നും പിൻവാങ്ങിയത്. ഇത് രണ്ടാം തവണയാണ് ബുട്ബുലുമായി മത്സരിക്കാതെ നൂറിൻ മത്സരത്തിൽ നിന്നും പിൻവാങ്ങുന്നത്. ഇതോടെ അൾജീരിയൻ ഒളിംപിക്സ് കമ്മിറ്റിയും ജൂഡോയുടെ ഗവേണിങ് ബോഡിയും നൂറിനെ സസ്പെൻഡ് ചെയ്യുകയും നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. പാൽസ്തീനികളുടെ പ്രതിഷേധത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് താൻ മത്സരത്തിൽ നിന്നും പിന്മാറുന്നതെന്ന് നൂറിൻ വ്യക്തമാക്കുകയും ചെയ്തു.
ഇതോടെ അബ്ദൽ റസൂൽ ബുട്ബുലുമായി മത്സരിക്കേണ്ടി വരുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് അബ്ദൽ റസൂലും മത്സരത്തിൽ നിന്നും പിന്മാറിയത്. പിന്മാറാനുള്ള കാരണം അബ്ദൽ റസൂൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇസ്രയേലി താരവുമായി മത്സരിക്കാനുള്ള വൈമുഖ്യമാണ് ഇതിന് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ വനിതാ വിഭാഗം ജൂഡോയിൽ സൗദി അറേബ്യയുടെ തഹാനി അൽ ഖത്താനിയും ഇസ്രയേലിന്റെ റാസ് ഹെർഷോക്കുമായുള്ള മത്സരം സംശയത്തിന്റെ നിഴലിലായി.
എന്നാൽ, ഒരു ആശയക്കുഴപ്പത്തിനും വിവാദത്തിനും ഇടനൽകാതെ ഈ മത്സരം വെള്ളിയാഴ്‌ച്ച നടന്നു. മത്സരം ആരംഭിച്ച് 1 മിനിറ്റും 44 സെക്കന്റും കഴിഞ്ഞപ്പോൾ ഇസ്രയേലിന്റെ ഹെർഷോക്ക് വിജയിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മത്സരത്തിനു ശേഷം ഇരുവരും പരസ്പരം ബഹുമാന പുരസ്സരം വണങ്ങുകയും പിന്നീട് അടുത്തെത്തി ഹസ്തദാനം നടത്തി പരസ്പരം പുണരുകയും ചെയ്തു. സൗദി താരത്തിന്റെ കൈകൾ അന്തരീക്ഷത്തിലേക്ക് പിടിച്ചുയർത്തി ഹെർഷോക്ക് അവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുകയും ച്വെയ്തു.
മദ്ധ്യപൂർവ്വ ദേശത്തെ രാഷ്ട്രീയ ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളുടെ സൂചനയായാണ് നിരീക്ഷകർ അൽ ഖത്താനിയുടെ പ്രകടനത്തെ വിലയിരുത്തുന്നത്. പല മുസ്ലിം രാജ്യങ്ങളും പതിറ്റാണ്ടുകളായി ഇസ്രയേലിനോട് പുലർത്തിയിരുന്ന അയിത്തം അവസാനിപ്പിച്ച് സഖ്യത്തിൽ ഏർപ്പെടുന്നുണ്ട്.. ഇതുവരെ ഫലസ്തീൻ കാർക്ക് സ്വന്തം രാജ്യം നൽകാതെ ഇസ്രയേലുമായി ഒരു ബന്ധത്തിനും തയ്യാറല്ലെന്ന് പറഞ്ഞിരുന്ന രാജ്യങ്ങളാണിവയൊക്കെ.
എന്നാൽ, മുൻ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് മുൻകൈ എടുത്തു നടത്തിയ സമാധാനശ്രമങ്ങൾക്ക് ഒടുവിൽ യു എ ഇ, സുഡാൻ, മൊറോക്കോ, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്