തിരുവനന്തപുരം: പ്രളയ സെസ് ഇന്ന് അവസാനിക്കുന്നതോടെ നാളെ മുതൽ കേരളത്തിൽ നേരിയ വിലക്കുറവ്. സ്വർണത്തിനും വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും അടക്കം വിലയേറിയ ഉൽപന്നങ്ങൾക്കെല്ലാം നേരിയ വിലക്കുറവ് അനുഭവപ്പെടും. 2019 ഓഗസ്റ്റ് ഒന്നിന് കേരളത്തിൽ മാത്രമായി ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് പിൻവലിക്കുന്നതോടെയാണ് വില കുറയുന്നത്. ബിൽ ചോദിച്ചു വാങ്ങി, അതിൽ പ്രളയ സെസ് ചുമത്തിയിട്ടില്ലെന്ന് ഉപഭോക്താക്കൾ നാളെ മുതൽ ഉറപ്പാക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശിച്ചു.

12%, 18%, 28% എന്നീ ജിഎസ്ടി നിരക്കുകളുള്ള ആയിരത്തോളം ഉൽപന്നങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനവുമാണ് സെസ്. കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, സിമന്റ്, പെയിന്റ്, സ്വർണം, വെള്ളി, ലാൻഡ് ഫോൺ, മൊബൈൽ ഫോൺ റീചാർജ്, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയുടെ മേലുള്ള സെസ് ആണ് ഇല്ലാതാവുക.