- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസികൾക്കായുള്ള കുടുംബക്ഷേമപദ്ധതികൾ കത്തോലിക്കാസഭ കൂടുതൽ സജീവമാക്കും: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: വിശ്വാസികൾക്കായുള്ള കുടുംബക്ഷേമപദ്ധതികൾ കത്തോലിക്കാസഭ ഭാരതത്തിലുടനീളം കൂടുതൽ സജീവമാക്കുമെന്നും ഇതിനായി വിശ്വാസിസമൂഹമൊന്നാകെ പരിപൂർണ്ണ പിന്തുണ നൽകുമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
കുടുംബക്ഷേമപദ്ധതികൾ കത്തോലിക്കാ സഭയിൽ പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും കാലങ്ങളായി ഒട്ടേറെ കുടുംബക്ഷേമപദ്ധതികൾ നടപ്പിലാക്കിക്കൊണ്ടാണിരിക്കുന്നത്. 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ ഫ്രാൻസീസ് മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന സഭയുടെ കുടുംബവർഷാചരണത്തിനോടനുബന്ധിച്ച് കുടുംബങ്ങൾക്കായി വിവിധങ്ങളായ കൂടുതൽ തുടർപദ്ധതികൾ ഓരോ രൂപതകളോടൊപ്പം സഭയിലെ അല്മായ പ്രസ്ഥാനങ്ങളും വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.
വിശ്വാസിസമൂഹത്തിനുവേണ്ടി സഭ പ്രഖ്യാപിക്കുന്ന ഈ പദ്ധതികൾ സർക്കാർ ഖജനാവിലെ പണം ചെലവഴിച്ചല്ലാത്തതുകൊണ്ടും സഭയുടെ ആഭ്യന്തരകാര്യമായതുകൊണ്ടും പൊതുസമൂഹത്തിൽ ചർച്ചെചെയ്യപ്പെടേണ്ടതില്ല. മാത്രവുമല്ല ഈ പദ്ധതികൾക്ക് ആരുടെയും ഔദാര്യവും അനുവാദവും കത്തോലിക്കാസഭയ്ക്ക് ആവശ്യവുമില്ല. ഇതിന്റെ പേരിൽ മനഃപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും വിശ്വാസിസമൂഹം മുഖവിലയ്ക്കെടുക്കാതെ പുശ്ചിച്ചുതള്ളും.
വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളം കത്തോലിക്കാസഭ നടത്തുന്ന മികച്ച സേവനങ്ങളുടെ ഗുണഭോക്താക്കൾ പൊതുസമൂഹമൊന്നാകെയാണെന്നുള്ളത് ആരും മറക്കരുതെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള സഭയുടെ പങ്കുവയ്ക്കലുകൾ ഏറെ ശക്തമായി തുടരുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.