മാസച്യുസെറ്റ്സ് : സംസ്ഥാനത്ത് ഇപ്പോൾ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 74 ശതമാനവും പൂർണ്ണമായും വാക്സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകൾ ചൂണ്ടികാണിക്കുന്നു.

രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ മൂക്കിലൂടെയുള്ള വൈറസാണ്, വാക്സീൻ സ്വീകരിക്കാത്ത രോഗികളിൽ രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്ന് യുഎസ് ഏജൻസി മോർ ബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്കിലി പ്രസിദ്ധീകരണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സിഡിസിയുടെ പുതിയ മാസ്‌ക്ക് മാൻഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂർണ്ണമായും വാക്സിനേറ്റ് ചെയ്തവർ മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം സിഡിസി മുന്നോട്ടു വെച്ചത്.

ബാൺസ്റ്റേബിൾ കൗണ്ടിയിൽ ജൂലൈ മാസം ധാരാളം ആളുകൾ ഒത്തുചേർന്ന് പരിപാടിയിൽ പങ്കെടുത്ത 469 പേരിൽ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേർക്കും (വാക്സിനേറ്റ് ചെയ്തവർ) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു.

പുതിയ പഠനമനുസരിച്ചു കോവിഡ് വാക്സീനുകൾ ഫലപ്രദമല്ല എന്ന നിഗമനത്തിലെത്താൻ കഴിയുകയില്ലെന്ന് സി.ഡി.സി വ്യക്തമാക്കി. അമേരിക്കയിൽ ഇപ്പോൾ സംഭവിക്കുന്ന കോവിഡ് മരണങ്ങളിൽ 99.5 ശതമാനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 97 ശതമാനവും വാക്സിനേറ്റ് ചെയ്യാത്തവരാണെന്നും സിഡിസി മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ മാത്രമാണ് ഇതിന് താൽക്കാലിക പരിഹാര മാർഗമെന്നും അവർ വെളിപ്പെടുത്തി.