ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലിനെ ചൊല്ലിയുള്ള പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടമായത് നികുതിദായകരുടെ 133 കോടിയെന്ന് റിപ്പോർട്ട്. പാർലമെന്റിന്റെ ഇരു സഭകളും പ്രവർത്തിക്കേണ്ട സമയത്തിന്റെ ഭൂരിഭാഗത്തിലധികവും പ്രതിഷേധങ്ങൾ കാരണം നഷ്ടപ്പെട്ടതാണ് സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയത് എന്നാണ് പേര് വെളിപ്പെടുത്താത്ത 'സർക്കാർ വൃത്തങ്ങൾ' പുറത്തിറക്കിയ വാർത്താക്കുറിപ്പിലുള്ളത്.

ജൂലൈ 19നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചത്. അന്നുമുതൽ പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പെഗസ്സസ് വിവാദം പാർലമെന്റ് ചർച്ച ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജിയെക്കൊണ്ടു സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളുകയായിരുന്നു.

ഇരുസഭകളും 107 മണിക്കൂർ പ്രവർത്തിക്കേണ്ടതിൽ വെറും 18 മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 89 മണിക്കൂർ പ്രവർത്തന സമയം ഇരുസഭകളിലുമായി നഷ്ടപ്പെട്ടതായാണ് കണക്ക്. ലോക്സഭ 54 മണിക്കൂർ പ്രവർത്തിക്കേണ്ടതിൽ വെറും ഏഴ് മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചത്. രാജ്യസഭയാകട്ടെ, 53 മണിക്കൂർ പ്രവർത്തിക്കേണ്ടിയിരുന്ന സ്ഥാനത്ത് വെറും 11 മണിക്കൂറും.

ഓരോ എംപിക്കും നൽകുന്ന യാത്രാചെലവ് ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളൊക്കെ കണക്കിലെടുത്താണ് നഷ്ടം നിശ്ചയിച്ചിരിക്കുന്നത്. ഇതാദ്യമായി പാർലമെന്റിന്റെ പ്രവർത്തനം സംബന്ധിച്ച് ദിവസേന ബുള്ളറ്റിനുകളും പ്രവർത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് ഈ കണക്ക് കണ്ടെത്താൻ കഴിഞ്ഞത്. പാർലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയതു കോൺഗ്രസാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ച് നാല് ദിവസം കഴിയുമ്പോഴാണു പേരു വെളിപ്പെടുത്താത്ത 'സർക്കാർ വൃത്തങ്ങൾ' കണക്കുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.