നി യുകെയിൽ മരിക്കുന്ന ഹിന്ദുവിന്റെയും സിക്കുകാരന്റെയും ചിതാഭസ്മം അന്നം നൽകിയ രാജ്യത്ത് തന്നെ കടലിൽ ഒഴുക്കാം. സൗത്ത് വെയിൽസിലെ കടൽ തീരത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേക സ്ഥലത്താണ് ഇതിനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഒരുക്കിയിരിക്കുന്നത്. കടൽ തീരത്ത് പൂജകൾ നടത്താനും അനുമതിയുണ്ട്. ഹിന്ദുക്കളും സിക്കുകാരും മൃതദേഹങ്ങൾ ദഹിപ്പിക്കുകയും ചിതാഭസ്മം കടലിൽ ഒഴുക്കുകയും ചെയ്യുന്നത് പരമ്പരാഗത ആചാരമാണ്. ഇതിനാണ് ഇപ്പോൾ ബ്രിട്ടനിലെ കാർഡിഫിൽ ഔദ്യോഗിക അനുമതി ആയിരിക്കുന്നത്.

ടാഫ് നദിയിൽ കാർഡിഫിലെ ലാൻഡാഫ് റോവിങ് ക്ലബ്ബിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വെയിൽസിൽ ഹിന്ദുക്കൾക്കും സിക്കുകാർക്കുമായി ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമാണിത്. പരമ്പരാഗത രീതിയിൽ ഹിന്ദു ആചാര പ്രകാരം മൃതദേഹം സംസക്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ സന്തോഷം നൽകുന്നതാണ് ഈ വാർത്ത. വർഷങ്ങൾക്ക് മുന്നേ ബ്രിട്ടനിൽ എത്തി സ്ഥിരതാമസമാക്കിയ നിരവധി ഹിന്ദു, സിക്ക് കുടുംബങ്ങൾക്ക് ഈ വാർത്ത ആശ്വാസം പകരുകയാണ്.

വർഷങ്ങളായി ബ്രിട്ടനിലെ ഹിന്ദുക്കളും സിക്കുകാരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അന്ത്യ കർമ്മം ചെയ്യാൻ പറ്റിയ ഒരു സ്ഥലത്തിനായുള്ള അന്വേഷണത്തിലായിരുന്നു. ഒടുവിൽ റോവിങ് ക്ലബ് കാർഡിഫ് കൗൺസിലിന്റെ അംഗീകാരത്തോടെ ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ചിതാഭസ്മം കടലിൽ ഒഴുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ചിതാഭസ്മം കടലിലേക്ക് കൊണ്ടു പോകാനായി കഴിഞ്ഞ നവംബർ മുതൽ ചങ്ങാടവും ഒരുക്കിയിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇപ്പോഴാണ് ഔദ്യോഗികമായി തുറക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഇപ്പോൾ തന്നെ നിരവധി ഹിന്ദു കുടുംബങ്ങൾ ഇവിടെ ചിതാഭസ്മം ഒഴുക്കി. ശനിയാഴ്ചയാണ് ഈ പ്രദേശം ഔദ്യോഗികമായി തുറന്നത്. ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക് ഫോർഡും കാർഡിഫ് കൗൺസിൽ ആംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.