തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ ഇപ്പോൾ മന്ത്രി ശിവൻകുട്ടി രാജിവെച്ചില്ലെങ്കിൽ നാണംകെട്ട് പുറത്തുപോകേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇപ്പോൾ രാജി വച്ചാൽ ധാർമികതയെങ്കിലും ഉയർത്തിക്കാട്ടാമെന്ന് മുരളീധരൻ പറഞ്ഞു.

രാജിവെച്ചില്ലെങ്കിൽ ഭാവിയിൽ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. കാരണം കോടതി ശിക്ഷിച്ചാൽ, ശിക്ഷ പല രീതിയിലാകാം. അത് ജഡ്ജിയുടെ അധികാരമാണ്. പക്ഷെ കൂടുതൽ കാലത്തേക്ക് ശിക്ഷിച്ചാൽ എംഎ‍ൽഎ. സ്ഥാനം പോകും. അതിൽ കുറവാണ് ശിക്ഷിക്കുന്നതെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരുമല്ലോ- മുരളീധരൻ പറഞ്ഞു.

രാജിവെക്കാതെ ജലീൽ അവസാനം വരെ പിടിച്ചുനിന്നില്ലേ. അവസാനം നാണംകെട്ട് പുറത്തുപോകേണ്ടി വന്നില്ലേ. ഇപ്പോൾ രാജിവച്ചാൽ ധാർമികതയുടെ പേരെങ്കിലും പറയാം. എന്നാൽ കോടതി ശിക്ഷിച്ചതിന്റെ പേരിൽ പുറത്തുപോകേണ്ടി വന്നാൽ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാകും- മുരളീധരൻ കൂട്ടിച്ചേർത്തു.