വിശ്വസനീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ടോക്കിയോ ഒളിംപിക്സിന്റെ മറ്റൊരു ദിവസം കടന്നുപോയത്. ഹൈ ജമ്പ് ഫൈനൽ മത്സരത്തിലെ രണ്ട് താരങ്ങളും കൃത്യമായ ഒരു വിജയിയെ നിർണ്ണയിക്കാനാകാത്ത വിധം സമാനമായ രീതിയിൽ എത്തിയപ്പോൾ സ്വർണ്ണ മെഡൽ പകുത്തെടുക്കുന്ന കാഴ്‌ച്ചയായിരുന്നു ഇന്നലെ ഒളിംപിക്സിൽ കാണാൻ ഇടയായത്. ഹൈജമ്പ് ഫൈനലിൽ എത്തിയ ഇറ്റലിയുടെ ഗ്ലാന്മാർകോ ടമ്പേരിയും ഖത്തറിന്റെ മുതാസ് ബാർഷിം ആയിരുന്നു ഫൈനലിൽ എത്തിയ ഹൈജമ്പ് താരങ്ങൾ.

പരസ്പരം മത്സരിച്ച് എതിരാളിയെ തോൽപ്പിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടതോടെ പകരം സംവിധാനങ്ങളെ കുറിച്ച് ഇരുവരും ഒളിംപിക്സ് സംഘാടകരുമായി സംസാരിക്കുകയായിരുന്നു. സ്വർണ്ണ മെഡൽ പങ്കുവയ്ക്കാം എന്ന ഉപാധി നിർദ്ദേശിക്കപ്പെട്ടതോടെ ഇരുവരും അത് അംഗീകരിച്ചു. ബാർഷിം ഹസ്തദാനത്തിലൂടെ തന്റെ സമ്മതം ടമ്പേരിയെ അറിയിച്ചപ്പോൾ ഇരുതാരങ്ങളും പരസ്പരം പുണർന്ന് സന്തോഷം പങ്കുവച്ചു. വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള, എന്നാൽ തികച്ചും ഒളിംപിക്സിന്റെ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള ഒരന്ത്യം അങ്ങനെ പുരുഷവിഭാഗം ഹൈജമ്പ് മത്സരങ്ങൾക്ക് ഉണ്ടായി.

കളിയുടെ നിയമങ്ങൾക്കനുസരിച്ച് ഇരു താരങ്ങളും ഫല നിർണ്ണയത്തിനായി കൂടുതൽ ഉയരങ്ങൾ കീഴടക്കി ചാടിക്കൊണ്ടിരുന്നു. 2.37 മീ. ഉയരം വരെ ഇരുവരും കൃത്യമായി ചാടിയതോടെയാണ് സ്വർണം പങ്കിട്ടെടുക്കാൻ അധികൃതർ താരങ്ങളോട് ആവശ്യപ്പെട്ടത്. ഇതോടെ ഇരുവരും ഒള്ളിംപിക്സ് ചരിത്രത്തിന്റെ തന്നെ ഭാഗമാകുന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. അവിടെ കൂടിയിരുന്നവരുടെ മുൻപിലൂടെ ആഹ്ലാദത്തോടെ ഓടി, തന്റെ ടീമംഗങ്ങൾക്ക് സമീപമെത്തിയ ബാർഷിം അവരെ വാരിപുണർന്ന് തന്റെ ആഹ്ലാദം പങ്കുവച്ചു.

ഒരിക്കലും മറക്കാത്ത രാത്രി, തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചു എന്നായിരുന്നു പിന്നീറ്റ് ബാർഷിം ഇതിനെക്കുറിച്ച് പ്രതികരിച്ചത്. തങ്ങൾ ക്ലേശകരമായ പല നിമിഷങ്ങളിലൂടെയും കടന്നുപോയി എന്നും ഇപ്പോൾ സംയുക്ത വിജയികളായി പ്രഖ്യാപിക്കപ്പെട്ടതിൽ സന്തോഷം തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കുമായി സ്വർണം പങ്കിടപ്പെട്ടതോടെ വെള്ളിമെഡൽ ഇല്ലാതെയായി. ബെലാറസിന്റെ മാക്സിം നെഡാസെകവുവിനാണ് വെങ്കലം.

വർഷങ്ങൾക്ക് മുൻപ് കണങ്കാലിൽ പരിയ ഗുരുതരമായ പരിക്ക് ടമ്പേരിക്ക് ഒളിംപിക്സിൽ പങ്കെടുക്കാൻ ആവുമോ എന്ന ആശങ്കയുയർത്തിയിരുന്നപ്പോൾ 2018-ൽ കാൽക്കുഴയിൽ പറ്റിയ പരിക്കിൽ ഒരു വർഷം മുഴുവൻ പരിശീലനമില്ലാതെ ചെലവഴിക്കേണ്ടി വന്ന വ്യക്തിയാണ് ഖത്തർ താരം. ഈ വിജയത്തോടെ ടോക്കിയോ ഒളിംപിക്സ് മെഡൽ നിലയിൽ ഇറ്റലി നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. നാല് സ്വർണം,

എട്ട് വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് ഇപ്പോൾ ഇറ്റലിയുടെ മെഡൽ നില. അതേസമയം, ബാർഷിമിന്റെത് ഉൾപ്പടെ രണ്ട് സ്വർണം നേടിയ ഖത്തർ ഇരുപത്തി ഒന്നാം സ്ഥാനത്താണ്.