തുടർച്ചയായി പതിനൊന്നാം ദിവസവും കോവിഡ് വ്യാപനതോത് താഴോട്ട് വരുമ്പോൾ ബ്രിട്ടൻ ആശ്വാസനിശ്വാസം ഉതിർക്കുകയാണ്. ഇന്നലെ 24,470 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം മരണനിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിന്റെ ഇരട്ടിയിലധികമായി.

കഴിഞ്ഞ ഞായറാഴ്‌ച്ച 28 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രിട്ടനിൽ ഇന്നലെ 65 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം വാക്സിൻ പദ്ധതിയും പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കുന്നുണ്ട് എന്നാണ് സർക്കാർ പരസ്യപ്പെടുത്തുന്ന കണക്കുകൾ തെളിയിക്കുന്നത്. ജൂലായ് 31 വരെ 8,51,96,986 ഡൊസ് വാക്സിനുകളാണ് നൽകിയിട്ടുള്ളത്. ആഭ്യന്തര വാക്സിൻ പാസ്സ്പോർട്ട് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.

വാക്സിൻ പാസ്സ്പോർട്ടുകൾ നിർബന്ധതിതമാക്കുന്ന നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് 43 ഭരണകക്ഷി എം പിമാർ ഒപ്പിട്ട നിവേദനം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പാർലമെന്റിന്റെ വേനലവധി ഒഴിവാക്കി അടിയന്തര യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. തെരേസ മായുടെ മന്ത്രിസഭയിൽഉപ പ്രധാനമന്ത്രിയായി കണക്കാക്കിയിരുന്ന സർ ഡേവിഡ് ലിഡിങ്ടണും വാക്സിൻ പാസ്സ്പോർട്ട് നിർബന്ധിതമാക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബർ മുതൽ കോവിഡ് വാക്സിൻ പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നു എന്നായിരുന്നു ബോറിസ് ജോൺസൺ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പുതിയ നിർദ്ദേശമനുസരിച്ച് നൈറ്റ്ക്ലബ്ബുകൾ, ബാറുകൾ, ധാരാളം ആളുകൾ ഒത്തുചേരുന്ന കലാ-കായിക വേദികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുവാൻ കോവിഡ് വാക്സിൻ പാസ്സ്പോർട്ട് നിർബന്ധമാക്കും. ഇത് വളരെ അപകടകരമായ ഒരു കീഴ്‌വഴക്കമാണ് സൃഷ്ടിക്കുക എന്ന് സർ ഡേവിഡ് ലിഡിങ്ടൺ പറഞ്ഞു.

അതേസമയം, വാക്സിൻ പദ്ധതിയോട് മുഖം തിരിച്ചു നിൽക്കുന്ന യുവസമൂഹത്തെ ആകർഷിക്കുവാൻ പല സമ്മാനപദ്ധതികളും സർക്കാർ ആലോചിക്കുന്നു. സൗജന്യ കാപ്പിയും സിനിമാ ടിക്കറ്റും ഉൾപ്പടെയുള്ളവ വാക്സിൻ എടുക്കുന്ന യുവാക്കൾക്ക് സമ്മാനമായി നൽകുവാനാണ് സർക്കാർ ആലോചിക്കുന്നത്. അതുപോലെ ഡെലിവെറൂ, ഊബർ എന്നീ സേവനദാതാക്കളുമായും സർക്കാർ ചില കരാറുകളിലെത്തിയിട്ടുണ്ട് എന്നറിയുന്നു.

ഇതനുസരിച്ച് കുറഞ്ഞ നിരക്കിലുള്ള ടേക്ക് എവേകൾ വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത യുവാക്കൾക്ക് ലഭ്യമാകും. അതുപോലെ ഊബർ ടാക്സി സർവ്വീസിലും ഇവർക്ക് കിഴിവ് ലഭിക്കും. സമാനമായ കരാറുകൾ സിനിമാ ശൃംഖകലൾ, കോഫീ ഫ്രാഞ്ചൈസികൾ, ഹൈസ്ട്രീറ്റ് റെസ്റ്റോറന്റുകൾ എന്നിവയുമായും ഉണ്ടാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിൽ ആദ്യഡോസ് എടുക്കുന്നവർക്ക് 100 ഡോളർ നൽകുന്നതുപോലുള്ള ധനസഹായ പദ്ധതികൾ നടപ്പിലാക്കുന്ന കാര്യം ആലോചനയിലില്ലെന്നും സർക്കാർ അറിയിച്ചു.