- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷുകാർ ബൂസ്റ്റർ ഡോസിനു തയ്യാറെടുക്കുന്നു; രണ്ടു വാക്സിൻ എടുത്ത് 50 കഴിഞ്ഞവർക്കുള്ള മൂന്നാം ഡോസ് ഉടൻ കൊടുത്തു തുടങ്ങും; ഓക്സ്ഫോർഡ് വാക്സിൻ എടുത്തവർക്ക് നൽകുന്നത് ഫൈസർ
ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളീൽ വാക്സിൻ പദ്ധതി ഇപ്പോഴും മുട്ടിലിഴയുമ്പോൾ ബ്രിട്ടനിതാ വാക്സിന്റെ മൂനാം ഡോസ് നൽകാൻ തയ്യാറെടുക്കുകയാണ്. നേരത്തേ ഓക്സ്ഫോർഡ് - അസ്ട്രസെനെക വാക്സിൻ എടുത്തവർക്ക് ഉൾപ്പടെ ഫൈസറിന്റെ ബൂസ്റ്റർ ഡോസായിരിക്കും നൽകുക.
ഈ ശരത്ക്കാലത്തു തന്നെ ഇത് നൽകി പൂർത്തിയാക്കുവാനാണ് തയ്യാറെടുക്കുന്നത്. ഡെൽറ്റ വകഭേദം ഉൾപ്പടെ ജനിതകമാറ്റം വന്ന വകഭേദങ്ങൾക്കെതിരെ ഈ ബൂസ്റ്റർ ഡോസ് കൂടുതൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈവർഷം ആദ്യം പ്രഖ്യാപിച്ച ബൂസ്റ്റർ ഡോസ് പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും. മറ്റു രോഗങ്ങൾ ഉള്ളതിനാൽ കോവിഡ് അതിവേഗം ബാധിക്കുവാൻ ഇടയുള്ളവർ, നഴ്സുമാർ ഉൾപ്പടെയുള്ള എൻ എച്ച് എസ് ജീവനക്കാർ, കെയർഹോം ജീവനക്കാർ എന്നിവർക്ക് പുറമെ 50 വയസ്സു പൂർത്തിയായ എല്ലാ ബ്രിട്ടീഷുകാർക്കും മൂന്നാം ഡോസ് നൽകും. രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും ഈ പദ്ധതി പൂർത്തിയാക്കുക.
ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ സ്ഥിരീകരിച്ച ഈ ബൂസ്റ്റർ വാക്സിൻ പദ്ധതിയുടെ വിശദാംശങ്ങൾ പക്ഷെ ഇനിയും ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച അവസാന നിർദ്ദേശം ജോയിന്റ് കമ്മിറ്റി ഈ മാസം പകുതിയോടെ നൽകുമെന്നാണ് കരുതുന്നത്.
നേരത്തേ അസ്ട്രസെനെകയുടെ വാക്സിൻ എടുത്തവർക്കും ഫൈസറിന്റെ എം ആർ എൻ എ വാക്സിൻ ആയിരിക്കും നൽകുക. ഫൈസറിന്റെ മൂന്നാം ഡോസ് അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദത്തെ തടയുന്നതിൽ കാര്യക്ഷമമാണെന്ന് നേരത്തെ ചില പഠനങ്ങൾ തെളിയിച്ചിരുന്നു. ബൂസ്റ്റർ ഷോട്ട് ലഭിച്ച 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരിൽ ആന്റിബോഡി നില അഞ്ചുമടങ്ങ് വർദ്ധിച്ചതായി പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. അതേസമയം രണ്ട് ഡോസുകൾ എടുത്ത 65 നും 85 നും ഇടയിൽ പ്രായമുള്ളവർ ഫൈസറിന്റെ മൂന്നാം ഡോസ് എടുക്കുമ്പോൾ ആന്റിബോഡിയുടെ അളവ് പതിനൊന്ന് മടങ്ങ് വർദ്ധിക്കുന്നതായാണ് കണ്ടത്.
മൂന്നാം ഡോസുകൂടി എടുക്കുമ്പോൾ ദെൽറ്റ വകഭേദത്തെ ചെറുക്കുന്നതിൽ 100 ശതമാനം കാര്യക്ഷമത കൈവരിക്കാനും ഇടയുണ്ടെന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്. എല്ലാ വർഷവും നടക്കുന്ന ഇൻഫ്ളുവൻസ് പ്രതിരോധ കുത്തിവയ്പിന് ഒപ്പമായിരിക്കും ബൂസ്റ്റ ഡോസ് പദ്ധതിയും നടപ്പിലാക്കുക എന്നറിയുന്നു. നിലവിൽ മിക്കവരിലും കോവിഡ് വാക്സിന്റെ പ്രഭാവം ചുരുങ്ങിയത് ആറുമാസക്കാലമെങ്കിലും നിലനിൽക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലക്രമേണ ഇതിന്റെ പ്രഭാവം കുറഞ്ഞുവരാൻ ഇടയുണ്ടെന്നും അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണവും കോവിഡ് മരണ നിരക്കും വീണ്ടും ഉയർന്നേക്കാം എന്നും ആശങ്കകൾ ഉയരുന്നുണ്ട്. രണ്ടു ഡോസുകൾ എടുത്തതിന് ആറുമാസങ്ങൾക്ക് ശേഷം മൂന്നാം ഡോസ് എടുക്കുന്നത് ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രതിരോധം നൽകുമെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനത്തിൽ തെളിഞ്ഞത്.