- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തനെ വെള്ളം വീഴുന്ന ഭാഗത്തേക്കു നീങ്ങിയത് അപകടം വിളിച്ചു വരുത്തി; വെള്ളത്തിന്റെ ശക്തിയും തണുപ്പും അഭിഷേകിനെ മരണത്തിലേക്ക് കൊണ്ടു പോയി; മാർമല അരുവിയിൽ മുങ്ങി മരിച്ച നേവി ഉദ്യോഗസ്ഥന്റെ മരണത്തിൽ തേങ്ങി സുഹൃത്തുക്കൾ

ഈരാറ്റുപേട്ട: തീക്കോയി മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങവെ മുങ്ങി മരിച്ച നാവികസേന ലഫ്റ്റനന്റ് കമാന്റ് അഭിഷേക് കുമാറിന്റെ(27) മരണത്തിൽ തേങ്ങി സുഹൃത്തുക്കൾ. കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവിക കമാൻഡിനു കീഴിൽ ജോലി ചെയ്തിരുന്ന അഭിഷേക് ഉൾപ്പെടെ എട്ട് പേരടങ്ങുന്ന നേവി സംഘം ഇന്നലെ രണ്ട് കാറുകളിലായാണ് തീക്കോയി മാർമല അരുവിയിലെത്തിയത്.
കുത്തനെ വെള്ളം വീഴുന്ന ഭാഗത്തേക്കു നീങ്ങിയ അഭിഷേക് താഴ്ന്നു പോവുകയായിരുന്നു. തടാകത്തിലേക്കു പതിക്കുന്ന വെള്ളത്തിന്റെ ശക്തിയും തണുപ്പുമാണ് അപകടത്തിനിടയാക്കുന്നത്. നീന്തൽ വിദഗ്ദ്ധർ പോലും അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. മുകളിൽ നിന്നു പതിക്കുന്ന വെള്ളത്തിന്റെ ശക്തി കൂടുതലായതു തിരച്ചിലിനെയും ബാധിച്ചു.
കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവിക കമാൻഡിനു കീഴിലെ ഐഎൻഎസ് ശാർദുൽ യുദ്ധക്കപ്പലിൽ സേവനം ചെയ്തു വരികയായിരുന്നു ലക്‌നൗ സ്വദേശിയായ അഭിഷേക് കുമാർ.
ഇന്നലെ ഉച്ചകഴിഞ്ഞു 2 മണിയോടെയാണു സംഭവം. ഒപ്പമുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥർ ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഈരാറ്റുപേട്ടയിൽ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേനയും ഈരാറ്റുപേട്ട ടീം നന്മക്കൂട്ടവും ചേർന്ന് ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണു മൃതദേഹം കണ്ടെത്തിയത്. നാലു മണിയോടെ പുറത്തെടുത്ത മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ജാർഖണ്ഡ് സ്വദേശിയായ അഭിഷേക് കുമാർ ലക്‌നൗ വൃന്ദാവൻ കോളനി സെക്ടർ ബിയിൽ താമസക്കാരനാണ്. അവിവാഹിതനാണ്. തുടർച്ചയായ രണ്ടാം ദിവസമാണു കിഴക്കൻ മേഖലയിലെ വെള്ളച്ചാട്ടത്തിൽ ജീവൻ പൊലിയുന്നത്. കഴിഞ്ഞ ദിവസം ചേന്നാട് മാളിക വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് വീണു മരിച്ചിരുന്നു.

