- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ തിരിച്ചെത്തിയാൽ ജയിലിൽ അടച്ചേക്കുമെന്ന് ഭയം; ജപ്പാനിൽ അഭയം തേടി ബെലറാസ് അത് ലറ്റ്; യൂറോപ്പിലെ അവസാനത്തെ ഏകാധിപതിക്കെതിരെ ഒളിംപിക് നാട്ടിലും പ്രതിഷേധം
ഗ്രീസിൽ നിന്നും ലിത്വാനിയയിലേക്കുള്ള റൈൻഎയർ വിമാനം റാഞ്ചി വിമത പത്രപ്രവർത്തകനായ റോമൻ പ്രോട്ടാസൈച്ചിനെ അറസ്റ്റ്ചെയ്തതോടെയാണ് ബെലറാസ് ഏകാധിപതിയുടെ ക്രൂരതകൾ ലോകം മുഴുവൻ കൂടുതലായി അറിഞ്ഞത്. അധികാരം കൈവഴുതിപ്പോകാതിരിക്കാൻ നിയമ ഭേദഗതികൾ വരെ കൊണ്ടുവന്ന അലക്സാണ്ടർ ലുകേഷെൻകോ എതിരാളികളെ നിശബ്ദമാക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറായിട്ടുള്ള വ്യക്തിയാണ്.
ആ ഏകാധിപത്യ ഭരണകൂടം ഇപ്പോൾ കായികതാരങ്ങൾക്കും എതിരെ തിരിയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. തന്റെ പരിശീലകരെ വിമർശിച്ചു എന്നതിന്റെ പേരിൽ തന്നെ ജപ്പാനിൽ നിന്നും നാട്ടിലേക്ക് നിർബന്ധപൂർവ്വം തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ബലാറസ് സ്പ്രിന്റ് താരം ക്രിസ്റ്റിന സിമനൗസ്‌കായ പരാതിപ്പെട്ടു. ബെലാറസിയൻ ഒളിംപിക് കമ്മിറ്റിയിലെ അധികൃതരാണ് ഇതിനു പുറകിലെന്നും ഇവർ പറയുന്നു.
തിങ്കളാഴ്‌ച്ച നടക്കുന്ന 200 മീറ്റർ മത്സരത്തിൽ പങ്കെടുക്കേണ്ടുന്ന ഈ താരം ബെലാറസിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഹനേഡ വിമാനത്താവളത്തിൽ ജാപ്പനീസ് പൊലീസിന്റെ സംരക്ഷണം തേടിയിട്ടുണ്ടെന്നും അറിയിച്ചു. തന്നെ നിർബന്ധപൂർവ്വം വിമാനത്തിൽ കയറ്റുന്നതിൽ നിന്നും രക്ഷപ്പെടാനാണ് പൊലീസ് സംരക്ഷണം തേടിയതെന്നും ഇവർ റോയിറ്റേഴ്സിനോട് പറഞ്ഞു. റോയിറ്റേഴ്സും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും പറയുന്നതനുസരിച്ച് തിങ്കളാഴ്‌ച്ച രാവിലെവരെ ഈ 24 കാരി ഹനേഡ വിമാനത്താവളത്തിൽ തന്നെ ഇരിക്കുകയായിരുന്നു.
ബെലാറസ് ഒളിംപിക് കമ്മിറ്റിയുമായി അഭിപ്രായവ്യത്യാസമുള്ള അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്രിസ്റ്റീനയുമായി ബന്ധപ്പെടുന്നുണ്ട്. ഇന്നലെ രാത്രി ഐ ഒ സി പ്രതിനിധികളും ടോക്കിയോ 2020 സംഘാടകരുടെ പ്രതിനിധികളും ഇവരുമായി സംസാരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ അവർക്കൊപ്പം ഐ ഒ സി അധികൃതരും ടോക്കിയോ 2020 ന്റെ ഒരു പ്രതിനിധിയുമുണ്ട്. ഇവരുടെ സാന്നിദ്ധ്യത്തിൽ തനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് ക്രിസ്റ്റീന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വളരെ കുറച്ചുസമയം മാത്രമുള്ളപ്പോഴാണ് ബലാറസ് പ്രതിനിധികൾതന്റെ മുറിയിലെത്തി റിലേ ടീമിൽ പങ്കെടുക്കണമെന്ന് അറിയിച്ചത് എന്ന് ക്രിസ്റ്റീന പറയുന്നു. ടീമിലെ ചില അംഗങ്ങൾക്ക് മത്സരിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാലായിരുന്നു അത്. ഇത് വിസമ്മതിച്ചപ്പോൾ തന്നെ നിർബന്ധപൂർവ്വം നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ക്രിസ്റ്റീന വിമാനത്തിൽ കയറിയിട്ടില്ലെന്നും, ജാപ്പനീസ് അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിദേശകാര്യ പ്രതിനിധികൾ വിമാനത്താവളത്തിൽ എത്തീയെന്നും ബെലാറസിൽ ജയിലിൽ അടയ്ക്കപ്പെടുകയോ അവഗണീക്കപ്പെടുകയോ ചെയ്ത കായികതാരങ്ങൾക്കായി പ്രവർത്തിക്കുന്ന ബെലാറസിയൻ സ്പോർട്സ് സോളിഡാരിറ്റി ഫൗണ്ടേഷൻ അറിയിച്ചു.
ബെലാറസിൽ തിരിച്ചെത്തിയാൽ ഈ വനിതാ കായികതാരത്തിന്റെ ജീവൻ ന്തന്നെ അപകടത്തിൽ ആയേക്കാം എന്നാണ് സോളിഡാരിറ്റി ഫൗണ്ടേഷന്റെ വക്താവ് അലക്സാണ്ടർ ഒപീകിൻ പറയുന്നത്. അതിനാൽ ജർമ്മനിയിലോ ആസ്ട്രിയയിലോ രാഷ്ട്രീയ അഭയം തേടാൻ ആലോചിക്കുകയാണ് ക്രിസ്റ്റീന. പോളണ്ടിൽ നിന്നും ഇവർക്ക് സഹായവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ടെന്നും ഫൗണ്ടേഷൻ വക്താവ് കൂട്ടിച്ചേർത്തു. നിരവധി രാജ്യങ്ങളോട് സഹായത്തിനായി അഭ്യർത്ഥിച്ചിരുന്നെങ്കിലും ആദ്യം മുന്നോട്ട് വന്നത് പോളണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപതിയായ അലക്സാണ്ടർ ലുക്കാഷെൻകോയും മകൻ വിക്ടർ ലുക്കാഷെൻകോയുമാണ് വർഷങ്ങളായി ബെലാറസ് നാഷണൽ ഒളിംപിക് കമ്മിറ്റിയെ നയിക്കുന്നത്. കഴിഞ്ഞ് ആഗസ്റ്റിൽ നടന്ന വിവാധമായ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി നിരവധി കായികതാരങ്ങൾക്കെതിരെ സർക്കാർ നടപടികൾ എടുത്തിരുന്നു. കായികതാരങ്ങളുടെ പാരതിയിൽ അന്വേഷണം നടത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അലക്സാണ്ടർ ലുക്കാഷെൻകോവിനേയും മകൻ വിക്ടരിനേയും ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു.
അതേസമയം ടീം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ക്രിസ്റ്റീനയുടെ വൈകാരികവും മാനസികവുമായ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങൾ ഉള്ളതിനാലാണ് അവരെ മത്സരത്തിൽ നിന്നും മാറ്റിയതെന്ന് ബലാറസിയൻ ഒളിംപിക് കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. റഷ്യൻ നിർമ്മിത മിഗ് 20 വിമാനങ്ങൾ ഉപയോഗിച്ച് യാത്രാവിമാനത്തിന്റെ മാർഗ്ഗംതടസ്സപ്പേടുത്തി നിർബന്ധപൂർവ്വം താഴെ ഇറക്കിച്ച് വിമത പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്തതിനുശേഷം അന്താരാഷ്ട്ര തലത്തിൽ ബെലാറസിയൻ ഭരണകൂടം വിമർശനം ഏറ്റുവാങ്ങുന്നത് ഇത് രണ്ടാം തവണയാണ്.
മറുനാടന് ഡെസ്ക്