ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്കുനേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. നാഗപട്ടണത്ത് നിന്നും ബോട്ടിൽ മീൻ പിടിക്കാൻ പോയ പത്തംഗ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാഗപട്ടണം സ്വദേശി കലെയ്സെൽവൻ എന്ന മത്സ്യത്തൊഴിലാളിയുടെ തലയ്ക്കു പരിക്കേറ്റു. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണം.

നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലായ് 28-നാണ് ബോട്ട് പുറം കടലിലേക്ക് പോയത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിർത്തിക്കുസമീപം കൊടിയകരായ് തീരത്ത് മീൻ പിടിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിക്കു വെടിയേറ്റത്. തിങ്കളാഴ്ച പുലർച്ചെ 1.15-ന് ശ്രീലങ്കൻ നാവികസേന തങ്ങളുടെ ബോട്ടുവളഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തങ്ങൾ സമുദ്രാതിർത്തി ലംഘിച്ചെന്നു പറഞ്ഞ ഉദ്യോഗസ്ഥർ ഉടൻ അവിടെനിന്നു തിരിച്ചുപോകാൻ പറഞ്ഞതായും മത്സ്യത്തൊഴിലാളികൾ കൂട്ടിച്ചേർത്തു. തൊട്ടുപിന്നാലെ സ്പീഡ് ബോട്ടിലെത്തിയ ലങ്കൻ നാവികസേനയുടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു.

ബുള്ളറ്റുകളിലൊരെണ്ണം ബോട്ടിൽ തുളച്ചുകയറുകയും കലെയ്സെൽവന്റെ തലയിൽ തറയ്ക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ അബോധാവസ്ഥയിലായി-ബോട്ടിലുണ്ടായിരുന്ന ദീപൻരാജ് എന്ന മത്സ്യത്തൊഴിലാളിയെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ടുചെയ്തു. അപകടം നടന്ന ഉടൻതന്നെ തങ്ങൾ ബോട്ടുമായി കരയിലേക്ക് തിരിച്ചുവെന്നും കലെയ്സെൽവനെ നാഗപട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ദീപൻരാജ് പറഞ്ഞു.

മേഖലയിലുള്ള ഒട്ടേറെ ബോട്ടുകൾക്കുനേരെ ശ്രീലങ്കൻ സേന വെടിയുതിർത്തു. ആദ്യം അവർ ബോട്ടുകൾക്കുനേരെ കല്ലെറിയുകയും പിന്നീട് വെടി വെക്കുകയുമായിരുന്നു. ചികിത്സയിൽ കഴിയുന്ന കലെയ്സെൽവനെ നാഗപട്ടണം ജില്ലാ കളക്ടർ ഡോ. അരുൺ തംബുരാജ് സന്ദർശിച്ചു. സംഭവത്തിൽ തീര രക്ഷാ ഗ്രൂപ്പ് പൊലീസ്, ക്യു ബ്രാഞ്ച്, മത്സ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.