ന്യൂഡൽഹി: വെള്ളമെടുക്കാൻ പോയ ഒമ്പതു വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന ശേഷം മൃതദേഹം തിരക്കിട്ട് സംസ്‌ക്കരിച്ച് ശ്മശാനം നടത്തിപ്പുകാർ. പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഡൽഹി കന്റോൺമെന്റിനു സമീപം ഓൾഡ് നംഗൽ ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ടാണു പെൺകുട്ടി ദൂരൂഹസാഹചര്യത്തിൽ മരിച്ചത്. ശ്മശാനത്തിൽ വെള്ളമെടുക്കാൻ പോയ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം പ്രിതകൾ തിരക്കിട്ട് മൃതദേഹം സംസ്‌കരിച്ചുവെന്നു മാതാപിതാക്കൾ ആരോപിച്ചു.

സംഭവത്തിൽ ശ്മശാനത്തിലെ പുരോഹിതൻ രാധേ ശ്യാം (55), ജോലിക്കാരായ സലീം, ലക്ഷ്മി നാരായൺ, കുൽദീപ് എന്നിവർ അറസ്റ്റിലായി. പോക്‌സോ, കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ശ്മശാനത്തിലെ വാട്ടർ കൂളറിൽ നിന്നു തണുത്ത വെള്ളമെടുക്കാനാണ് പെൺകുട്ടി പോയതെന്നു മാതാപിതാക്കൾ പറയുന്നു. ആറ് മണിയോടെ പുരോഹിതൻ രാധെ ശ്യാമും മറ്റു മൂന്ന് പേരും ചേർന്ന് പെൺകുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി. മകൾ ഷോക്കേറ്റു മരിച്ചുവെന്നും മൃതദേഹം സംസ്‌ക്കരിക്കണമെന്നും അറിയിച്ചു. അമ്മ എതിർത്തെങ്കിലും കുട്ടിയുടെ പിതാവിനെ പോലും കാണിക്കുയോ അറിയിക്കുകയോ ചെയ്യാതെ തന്നെ ഇവർ മൃചദേഹം സംസ്‌ക്കരിച്ചു.

കുട്ടിയുടെ അമ്മ പൊലീസിൽ വിവരമറിയിക്കാൻ തുടങ്ങിയെങ്കിലും സംഘം എതിർത്തു. പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഡോക്ടർമാർ അവയവങ്ങൾ നീക്കം ചെയ്യുമെന്നും വാദിച്ച ഇവർ വേഗത്തിൽ സംസ്‌കാരം നടത്താനും നിർബന്ധിച്ചു. ഇതിനു പിന്നാലെ സംസ്‌കാരം നടത്തി. എന്നാൽ, മാതാപിതാക്കൾ ഇതിൽ പ്രതിഷേധിച്ചു.

രാത്രി 10.30 നാണു വിവരം ലഭിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. ഫൊറൻസിക് സംഘം സ്ഥലം പരിശോധിച്ചെന്നും ലഭിച്ച ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചുവെന്നും ഡിസിപി ഇംഗീത് പ്രതാപ് സിങ് പറഞ്ഞു. പുരോഹിതനെതിരെ മുൻപും പരാതി ഉയർന്നിട്ടും നടപടിയുണ്ടായില്ലെന്നു പ്രദേശവാസികൾ പറയുന്നു.

ശ്മശാനത്തിന്റെ എതിർവശത്തുള്ള പ്രദേശത്തെ താമസക്കാരായ പെൺകുട്ടിയുടെ കുടുംബം രാജസ്ഥാനിലെ ഭരത്പുർ സ്വദേശികളാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചാണു കുടുംബം പുലർത്തിയിരുന്നത്.