ന്യുയോർക്ക് : അമേരിക്കയിൽ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തിൽ യാത്ര ചെയ്ത രണ്ടു പേർ വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിന് കനേഡിയൻ അധികൃതർ പിഴ ചുമത്തിയത് ഓരോരുത്തർക്കും 16000 അമേരിക്കൻ ഡോളർ .(19720 കനേഡിയൻ )പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയാണ് ഈ റിപ്പോർട്ട് ജൂലായ് 31 ന് പുറത്തു വിട്ടത് .

കനേഡിയൻ അധികൃതർ നടത്തിയ പരിശോധനയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു .കനേഡിയൻ നിയമമനുസരിച്ച് വ്യാജ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കിയാൽ ക്രിമിനൽ ചാർജ്ജും ആറുമാസത്തെ തടവു ശിക്ഷയുമാണ് ലഭിക്കുകയെന്ന് ഏജൻസി പറഞ്ഞു , അത് കൂടാതെ 75000 ഡോളർ വരെ പിഴ ചുമത്തുകയും ചെയ്യാം .

കോവിഡ്-19 വ്യാപകമാകുന്നതിനെതിരെ കനേഡിയൻ ആരോഗ്യവകുപ്പ് കർശ്ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് . പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് 14 ദിവസത്തെ ക്വറന്റൈൻ ഒഴിവാക്കണമെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും കോവിഡ് 19 പരിശോധനാഫലവും സമർപ്പിക്കേണ്ടതാണ്. ജൂലായ് 30 ന് , 907 പുതിയ കേസുകളും 17 മരണവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കനേഡിയൻ ആരോഗ്യവകുപ്പ് അറിയിച്ചു .