റാൻ ലോകത്തെ വെല്ലുവിളിക്കാൻ ആരംഭിക്കുന്നതായി ചില സൂചനകൾ പുറത്തുവരുന്നു. ഒമാൻ ഉൾക്കടലിൽ നിന്നും തട്ടിയെടുത്ത എണ്ണക്കപ്പൽ ഇറാൻ തീരം ലക്ഷ്യമാക്കി നീങ്ങിയതോടെ ഇറാൻ സൈന്യമാണ് തട്ടിക്കൊണ്ടുപോകലിനു പുറകിലെന്ന സംശയം ബലപ്പെടുകയാണ്. പനാമയിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള അസ്ഫാൾട്ട് പ്രിൻസസ് എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

അറബിക്കടലിൽ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ആയുധധാരികളായവർ കപ്പലിൽ കയറി വഴി തിരിച്ചുവിടാൻ ഉത്തരവിട്ടത്. ബ്രിട്ടീഷ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പല മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മൂന്നാം കക്ഷിയുടെ നിർദ്ദേശപ്രകാരം, കപ്പൽ തട്ടിക്കൊണ്ടുപോകാൻ ഇടയുള്ളതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ കരുതലെടുക്കുവാനും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കപ്പൽ തട്ടിക്കൊണ്ടുപോയതിൽ പങ്കുണ്ടെന്ന കാര്യം ഇറാൻ നിഷേധിച്ചു. തങ്ങളുടെ സൈന്യത്തിന് ഇതിൽ പങ്കില്ലെന്നും ഇറാനെതിരെ കൂടുതൽ ശത്രുതാപരമായ നടപടികൾ എടുക്കുവാനായി ഈ സംഭവത്തെ ചിലർ ഉപയോഗിക്കുകയാണ് എന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്. ഒരു യുദ്ധത്തിനുള്ള സാഹചര്യമൊരുക്കുവാനുള്ള മനഃശാസ്ത്രപരമായ സമീപനമാൺ' ഈ വ്യാജവാർത്താ പ്രചാരണമെന്നും ഇറാൻ സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ ആഴ്‌ച്ച ഇതേ മേഖലയിൽ ഒരു ഇസ്രയേലി കപ്പലിനു നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. അതിൽ രണ്ട് കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറകിലും ഇറാൻ ആണെന്ന് അമേരിക്കയും, ബ്രിട്ടനും, ഇസ്രയേലും ആരോപിച്ചിരുന്നു. ഈ സംഭവത്തിലും തങ്ങൾക്ക് പങ്കുണ്ടെന്നുള്ള കാര്യം ഇറാൻ നിഷേധിച്ചിരുന്നു. വെറും കള്ളപ്രചാരണമാണെന്നും അവർ പറഞ്ഞിരുന്നു.

നേരത്തേ ആറു എണ്ണക്കപ്പലുകൾ അവരുടെ ഓട്ടോമാറ്റിക് ഐഡെന്റിഫിക്കേഷൻ സിസ്റ്റത്തിലൂടെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു എന്ന് മാരിടൈം ട്രാഫിക് വെബ്സൈറ്റിൽ പറയുന്നു. അതിനർത്ഥം എല്ലാ കപ്പലുകൾക്കും അസ്ഫാൽറ്റ് പ്രിൻസസിന്റെ ഗതി ഉണ്ടായി എന്നല്ല എന്നും വെബ്സൈറ്റിൽ പറയുന്നു.

ഒരേസമയം, ഏകദേശം ഒരേ മേഖലയിൽ ഇത്രയധികം കപ്പലുകൾക്ക് നിയന്ത്രണം നഷ്ടപ്പെടുക എന്നത് തീർച്ചയായും അന്വേഷണം അർഹിക്കുന്ന ഒരു സംഭവമാണെന്ന് ഓയിൽ ഷിപ്പിങ് എക്സ്പേർട്ടായ രഞ്ജിത്ത് രാജ പറയുന്നു. ഇതിൽ ഒരു കപ്പൽ നിയന്ത്രണം വീണ്ടെടുത്തതായി പിന്നീട് റിപ്പോർട്ട് ചെയ്തിരുന്നു.