ലണ്ടൻ: ലങ്കാഷയറിലെ ബ്ലാക്ക്‌ബേണിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ ജീവൻ പൊലിഞ്ഞത് ഒരു പാവം പെൺകുട്ടിയുടേത്. ലിഡിലിലേക്ക് സാധനം വാങ്ങാൻ പോവുകയായിരുന്ന ആയ ഹാഷെം എന്ന 19 വയസ്സുകാരിയായ നിയമ വിദ്യാർത്ഥിനിക്കാണ് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. വാഹനത്തിലെത്തിയ ഗുണ്ടാസംഘങ്ങൾ തങ്ങളുടെ എതിരാളിയുടെ ടയർ കടയ്ക്ക് നേരെ ഉതിർത്ത വെടിയുണ്ട അതുവഴി പോവുകയായിരുന്ന ആയയുടെ നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു.

കഴിഞ്ഞ വർഷം മെയ് 17 ന് നടന്ന സംഭവത്തിനു കാരണം രണ്ട് ടയർ കച്ചവടക്കാരായ ഫിറോസ് സുലൈമാനും പച്ചാ ഖാനും തമ്മിലുള്ള ശത്രുതയായിരുന്നു. തുടർന്ന് അറസ്റ്റിലായ പ്രതികളിൽ ഏഴുപേർ കുറ്റക്കാരാണെന്ന് ബ്രിട്ടണിലെ കോടതി കണ്ടെത്തി. സുലൈമാൻ (40, കാഷിഫ് മൺസൂർ (26), ആയാസ് ഹുസൈൻ(35), അബുബക്കർ സാറ്റിയ (32), സമീർ രാജ (33), ആൻഡ്ണി എന്നിസ് (31), ഉത്മൻ സാറ്റിയ (29), എന്നിവരാണ് ഈ സംഭവത്തിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ. ഇവരുടെ സംഘാംഗമായ ജൂദി ചാപ്മാനെ വെറുതെ വിട്ടു.

പാച്ച ഖാനെ വധിക്കാൻ ശ്രമിച്ച കേസിലും ഇവർ ഏഴുപേരും പ്രതികളാണ്.ബ്ലാക്ക് ബേണിൽ ആയയുടെ മരണത്തിനിടയാക്കിയ വെടിവെയ്പിന്റെ ദൃശ്യങ്ങൾ ഇന്നലെ ലങ്കാഷയർ പൊലീസ് പുറത്തുവിട്ടു. ടൊയോട്ടയിൽ എത്തിയ അക്രമികൾ കടയുടെ മുന്നിൽ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതും അതിൽ നിന്നും വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. ആ സമയം വാഹനത്തിനും അക്രമികൾ ഉന്നം വയ്ക്കുന്ന കടയ്ക്കും ഇടയിലായിരുന്നു ആയ.

പാച്ചാ ഖാനുമായി വൈരാഗ്യമുണ്ടായിരുന്ന സുലൈമാനാന് ഈ കൊലപാതകം ആവിഷ്‌കരിച്ചതെന്ന് കോടതി കണ്ടെത്തി. മാഞ്ചസ്റ്ററിലെ അറിയപ്പെടുന്ന ഗുണ്ടയായ രാജയ്ക്ക് 1500 പൗണ്ട് നൽകി ഖാനുനേരെ വെടിയുതിർക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കൊലപാതകം രാജയുടെ ഉദ്ദേശമായിരുന്നില്ലെന്നും ഖാനേയും കൂട്ടാളികളേയും പേടിപ്പിക്കുക എന്നതുമാത്രമായിരുന്നു ഉദ്ദെശ്യം എന്നുമായിരുന്നു രാജായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്. ഇവർ സഞ്ചരിച്ച വാഹനമോടിച്ച വ്യക്തിയാണ് ആന്റണി എന്നിസ്.

സംഭവം നടന്ന് മൂന്നാം ദിവസം രാജ ഡുബ്ലിൻ വഴി പോർച്ചുഗലിലെക്ക് കടന്നതായി പൊലീസ് കോടതിയെ അറിയിച്ചു. രാജയുടെ ഡ്രൈവർ ആയിരുന്ന ആന്റണി എന്നിസും യൂറോപ്പിലേക്ക് കടന്നു. കൊലപാതക കുറ്റത്തിൽ പൊലീസ് പിടിയിലാകുകയില്ല എന്ന് ഇരുവരും വിശ്വസിച്ചു. ഇതേസമയം മറ്റു കൂട്ടുപ്രതികൾ എല്ലാവരും അറസ്റ്റിലാവുകയും ചെയ്തു. പോർച്ചുഗലിൽ പത്തു ദിവസം തങ്ങിയതിനു ശെഷം വാടകയ്ക്ക് എടുത്ത ഒരു കാറിൽ രാജയും എന്നിസും ബ്രിട്ടനിൽ തിരിച്ചെത്തി. തുടർന്നായിരുന്നു അവരും അറസ്റ്റിലാകുന്നത്.

സുലൈമാൻ നടത്തിയിരുന്ന ടയർ വില്പനശാലയുടെ സമീപം കാർ വാഷിങ് യൂണിറ്റ് നടത്തുകയായിരുന്ന പാച്ചാഖാൻ 2019-ൽ അതേയിടത്തിൽ ടയർ വ്യാപാരം ആരംഭിച്ചതോടെയാണ് ഇരുവർക്കും ഇടയിൽ ശത്രുത ഉടലെടുക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടയിലാണ് ലബനോൺ വംശജയായ ആയയുടെ ജീവൻ പൊലിഞ്ഞത്. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ഉടൻ തന്നെ അവർക്കുള്ള ശിക്ഷ വിധിക്കും. എന്തായിരിക്കും നിരപരാധിയായ ഒരു പാവം പെൺകുട്ടിയെ കൊന്ന കാപാലികർക്ക് ലഭിക്കുന്ന ശിക്ഷ എന്നറിയാൻ കാത്തിരിക്കുകയാണ് ആയയുടെ ബന്ധുക്കളും സുഹൃത്തുക്കളും.