രാജ്യത്ത് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ ദേശീയ കോവിഡ് -19 പദ്ധതി പ്രകാരം ഓസ്ട്രേലിയക്കാർക്ക് ഉടൻ തന്നെ സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് സെന്ററുകൾ, കാർപാർക്കുകൾ എന്നിവിടങ്ങളിൽ നിന്ന് വാക്‌സിൻ ലഭിച്ചേക്കാം കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെ ഡ്രൈവ് ത്രൂ ക്ലിനിക്കുകളും തൊഴിലിടങ്ങളും വഴി വാക്സിൻ വിതരണം നടത്താനാണ് സർക്കാർ തീരുമാനം.

'ഓപ്പറേഷൻ കോവിഡ് ഷീൽഡ്' എന്ന ദേശീയ വാക്സിൻ പ്രചാരണപദ്ധതിയുടെ ഭാഗമായാണ് ഡ്രൈവ് ത്രൂ ക്ലിനിക്കുകൾ വഴി കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.ജനറൽ ഫ്രൂവിന്റെ പദ്ധതി പ്രകാരം കാർ പാർക്കുകളിലെ ഡ്രൈവ് ത്രൂ ക്ലിനിക്കുകൾ ഒക്ടോബർ പകുതിയോടെ രാജ്യത്തെ മിക്കയിടങ്ങളിലും പ്രവർത്തിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഡ്രൈവ് ത്രൂ ക്ലിനിക്കുകൾക്ക് പുറമെ സ്റ്റേഡിയം, ഷോപ്പിങ് സെന്ററുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലും വാക്സിൻ വിതരണം ചെയ്യും.ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ സെപ്റ്റംബറോടെ പൈലറ്റ് അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

വിവിധ റീറ്റെയ്ൽ സംവിധാനങ്ങളിൽ ഒക്ടോബറോടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. ഇത് വിജയിച്ചാൽ മിക്ക സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ള റീറ്റെയ്ൽ സംവിധാനങ്ങളിൽ വാക്സിനേഷൻ ഹബുകൾ തുടങ്ങാനാണ് പദ്ധതി.പ്രമുഖ വ്യാപാരശൃംഖലകളായ ബണ്ണിങ്‌സ്, വെസ്റ്റ്ഫാമേഴ്സ്, ഓഫീസ് വർക്‌സ് എന്നിവർ വാക്സിനേഷന് ഹബുകൾ തുടങ്ങാനുള്ള സന്നദ്ധത നേരത്തെ അറിയിച്ചിരുന്നു.

ഇതിന് പുറമെ, തൊഴിലിടങ്ങളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്.കൂടാതെ, പോപ്പ്-അപ്പ് ക്ലിനിക്കുകൾ തുടങ്ങുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.

ക്രിസ്ത്മസിന് മുൻപായി എല്ലവർക്കും വാക്സിൻ നൽകുക എന്ന ലഷ്യത്തോടെയാണ് ഇത്. ജൂണിലാണ് ഓപ്പറേഷൻ കോവിഡ് ഷീൽഡിനെക്കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.