ന്യൂഡൽഹി:കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 1.71 ലക്ഷം ബലാത്സംഗക്കേസുകൾ. ഏറ്റവും കൂടുതൽ പേർ ബലാത്സംഗത്തിന് ഇരയാകുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലുമാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.

മധ്യപ്രദേശിൽ അഞ്ച് വർഷത്തിനിടെ 22,753 പേരാണ് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനിൽ 20,973 പേരാണ് ബലാത്സംഗത്തിനിരയായത്. മൂന്നാമത് ഉത്തർപ്രദേശും നാലാമത് മഹാരാഷ്ട്രയുമാണ്. യഥാക്രമം 19,098 പേരും മഹാരാഷ്ട്രയിൽ 14,707 പേരുമാണ് ബലാത്സംഗത്തിനിരയായത്.

ഡൽഹിയിൽ 8,051 പേരാണ് അഞ്ച് വർഷത്തിനിടെ പീഡനത്തിനിരയായത്. 2016ലാണ് ഏറ്റവും കുടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 38,947 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2015-34,651, 2017-32,559, 2018-33,356, 2019 32,303 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്