ജനീവ: വാക്‌സിൻ മൂന്നാം ഡോസ് നൽകുന്നത് നിർത്തി വയ്ക്കണമെന്ന് ഡബ്ലുഎച്ച്ഒ. കൊറോണ വൈറസിന്റെ വ്യാപനശേഷിയേറിയ ഡെൽറ്റ വകഭേദത്തെ നേരിടാൻ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മൂന്നാമതായി ഒരു ഡോസ് കൂടി നൽകാൻ (ബൂസ്റ്റർ ഡോസ്) ഒരുങ്ങുകയാണ് പല രാജ്യങ്ങളും. യൂറോപ്പിലെ പല രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, ബൂസ്റ്റർ ഡോസ് നൽകുന്നത് സെപ്റ്റംബർ വരെയെങ്കിലും നിർത്തിവെക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥന.

സമ്പന്ന രാഷ്ട്രങ്ങളാണ് നിലവിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ ഏറെ മുമ്പിലുള്ളത്. ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ആകെ വാക്‌സിന്റെ വലിയ ശതമാനവും സ്വന്തമാക്കുന്നത് ഇത്തരം രാജ്യങ്ങളാണ്. ദരിദ്ര രാജ്യങ്ങളിലാകട്ടെ, വാക്‌സിനേഷന്റെ നിരക്ക് ഏറെ താഴെയുമാണ്. ഈ അന്തരം ലോകാരോഗ്യ സംഘടന പലതവണയായി ചൂണ്ടിക്കാട്ടിയിരുന്നു. ദരിദ്ര രാജ്യങ്ങളെ സഹായിക്കാനായി സമ്പന്ന രാജ്യങ്ങൾ തയാറാകണമെന്നും അഭ്യർത്ഥിച്ചിരുന്നു.

എല്ലാ രാജ്യങ്ങളും കുറഞ്ഞത് ജനസംഖ്യയുടെ 10 ശതമാനം പേർക്കെങ്കിലും വാക്‌സിൻ നൽകിയ ശേഷം മതി സമ്പന്ന രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകാനെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം അഭ്യർത്ഥിച്ചിരിക്കുന്നത്.

'തങ്ങളുടെ ജനങ്ങളെ ഡെൽറ്റ വകഭേദത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ രാജ്യങ്ങൾക്കുള്ള ജാഗ്രത ഞാൻ മനസിലാക്കുന്നു. എന്നാൽ, ലോകത്തെ വാക്‌സിന്റെ വലിയ പങ്ക് ഉപയോഗിച്ച രാജ്യങ്ങൾ തന്നെ വീണ്ടും ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിൽ അടിയന്തരമായ പുനർവിചിന്തനം ആവശ്യമാണ്. ഭൂരിപക്ഷം വാക്‌സിൻ ദരിദ്ര രാജ്യങ്ങൾക്ക് ലഭ്യമാകുന്ന സാഹചര്യം വരണം' -അദ്ദേഹം പറഞ്ഞു.

കോവിഡ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർക്ക് സെപ്റ്റംബറിൽ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ജർമനി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാം വാക്‌സിനെടുത്ത ഹൈ റിസ്‌കുകാർക്ക് മൂന്ന് മാസത്തിന് ശേഷവും മറ്റുള്ളവർക്ക് ആറ് മാസത്തിന് ശേഷവും ബൂസ്റ്റർ ഡോസെടുക്കാമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിൽ 60 പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന കാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു.