കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ മൂന്ന് യുവ എഞ്ചിനീയർമാർക്കെതിരെ എക്‌സൈസ് രജിസ്റ്റർ ചെയ്ത വ്യാജ കഞ്ചാവ് കേസ് ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ നിയോഗിച്ച എൻജിനീയർമാർക്കെതിരെ ആലുവ സർക്കിൾ എക്‌സൈസ് ഓഫിസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറും തുടർനടപടികളുമാണു ജസ്റ്റിസ് കെ.ഹരിപാൽ റദ്ദാക്കിയത്. കള്ളക്കേസാണെന്ന അഡീഷനൽ എക്‌സൈസ് കമ്മിഷണറുടെ (എൻഫോഴ്‌സ്‌മെന്റ്) റിപ്പോർട്ട് ശരിവച്ചാണു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻജിനീയർമാരായ റെഷ്വന്ത് റെഡ്ഡി, എസ്.ജഗദീശൻ, ഭരത് എന്നിവരാണു ഹർജി നൽകിയത്.

അന്തിമ റിപ്പോർട്ട് നൽകരുതെന്ന ഹൈക്കോടതിയുടെ നിർദ്ദേശം ലംഘിച്ച് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകിയ അന്വേഷണ ഉദ്യോഗസ്ഥനായ അസി. എക്‌സൈസ് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) ടി.എസ്. ശശികുമാറിന് കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടിസ് നൽകാനും കോടതി നിർദേശിച്ചു. വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ കരാറെടുത്തിരുന്നവർക്കു വേണ്ടി എൻജിനീയർമാരെ സംഘടിതമായി വ്യാജകഞ്ചാവു കേസിൽ കുടുക്കി പുറത്താക്കാൻ ശ്രമിച്ചതാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സ്വർണക്കടത്ത് റാക്കറ്റിന്റെ ഇടപെടലും സംശയിച്ചിരുന്നു.

സർവീസിൽനിന്നു വിരമിച്ച ടി.എസ്.ശശികുമാറിന് നിലവിലെ അസി.എക്‌സൈസ് കമ്മിഷണർ വഴി നോട്ടിസ് നൽകാനും 15 ദിവസത്തിനകം മറുപടി ലഭ്യമാക്കാനുമാണു നിർദ്ദേശം. കേസ് 25ന് വീണ്ടും പരിഗണിക്കും. എൻജിനീയർമാർക്കായി അഡ്വ. ജോപോൾ ഹാജരായി.

എൻജിനീയറിങ് ബിരുദധാരികളായ ഹർജിക്കാർ അസിസ്റ്റന്റ് സിവിൽ ഏവിയേഷൻ ഓഫിസർമാരായി ബെംഗളൂരു വിമാനത്താവളത്തിൽ പരിശീലനം തുടരുന്നതിനിടെയാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിയമിതരായത്. നെടുമ്പാശേരി എസ്ആർ ലേഡീസ് ഹോസ്റ്റൽ കന്റീനു സമീപമായിരുന്നു ഇവർക്ക് കമ്പനി താമസം ഒരുക്കിയിരുന്നത്. ഹോസ്റ്റലിനു മുന്നിൽ നിൽക്കുമ്പോൾ 2019 ജൂൺ 15ന് ഇവരെ 13 ഗ്രാം കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്‌തെന്നാണ് കേസ്. 16ന് കോടതിയിൽ ഹാജരാക്കി ജാമ്യം ലഭിച്ചെങ്കിലും ജാമ്യ ഉറപ്പ് നൽകിയവരിലൊരാൾ കൃത്യമായ നികുതി രസീത് നൽകിയില്ലെന്നതിന്റെ പേരിൽ പിറ്റേന്നാണു ജാമ്യം ലഭിച്ചത്.