- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലയിൽ ക്യാമ്പ് ചെയ്തിട്ടുള്ള നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്(എൻഡിആർഎഫ്) സംഘത്തിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ കുളനടയിലെ എൻഡിആർഎഫ് ക്യാമ്പിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും വിവരങ്ങളുമായിരുന്നു സെമിനാറിന്റെ പ്രധാന വിഷയം. ഡിസി വോളന്റിയേഴ്സ് പ്രതിനിധികളായ വിഷ്ണു ഗോപിനാഥ്, സിയാദ് എ കരിം, ജില്ല ദുരന്ത നിവാരണവകുപ്പ് ഹസാഡ് അനലിസ്റ്റ് ജോൺ റിച്ചാർഡ് എന്നിവരാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
ജില്ലയുടെ ഭൂമി ശാസ്ത്രത്തെക്കുറിച്ച് പഠിച്ച്, പ്രളയ സാധ്യതകളും കാരണങ്ങളും മനസിലാക്കി ഫ്ളഡ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020ൽ ജില്ല കളക്ടറുടെ കീഴിൽ ഡിസി വോളന്റിയേഴ്സിന്റെ എട്ട് അംഗ വോളന്റിയർ ടീം രൂപീകരിക്കുന്നത്. 2018 - 2019 പ്രളയാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജില്ല ഭരണകേന്ദ്രം ഇങ്ങനെ ഒരു ആശയത്തിൽ എത്തിച്ചേർന്നത്.
പെയ്യാൻ പോകുന്ന മഴയുടെ അളവ് അനുസരിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിച്ചേരുന്ന സമയം, വെള്ളത്തിന്റെ ഉയരം, വെള്ളം എത്താവുന്ന സ്ഥലങ്ങളുടെ വ്യാപ്തി എന്നിവ കൃത്യമായി മുൻകൂട്ടി പ്രവചിക്കുവാനും അതുവഴി തയ്യാറെടുപ്പുകൾ യഥാസമയത്തിന് ചെയ്യുവാനും സാധിക്കും എന്നതാണ് ഈ മാസ്റ്റർ പ്ലാനിന്റെ പ്രധാന സവിശേഷത. അമിതമായ ജലപ്രവാഹത്തിന്റെ ഗതി മനസിലാക്കി ദുരന്ത സമയത്തുള്ള രക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല കളക്ടർ ഡോ. ദിവ്യ എസ് അയ്യറിന്റെ നിർദ്ദേശപ്രകാരം എൻഡിആർഎഫ് സംഘത്തിന് സെമിനാർ സംഘടിപ്പിച്ചത്.
ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിന്തുണയോടെയാണ് വോളന്റിയർ ടീമിന്റെ പ്രവർത്തനങ്ങൾ മുൻപോട്ടു പോകുന്നത്.