- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ; എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് അദ്ധ്യാപകനും വിദ്യാർത്ഥികളും

കാസർകോട്: ഓൺലൈൻ ക്ലാസിനിടെ ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ എത്തിയതോടെ അദ്ധ്യാപകനും കണ്ടിരുന്ന വിദ്യാർത്ഥികളും കുഴങ്ങി. നഗരത്തിനടുത്തെ ഒരു വിദ്യാലയത്തിലെ ഓൺലൈൻ ക്ലാസിനിടെയാണ് സംഭവം. അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടെ ഗ്രൂപ്പിലേക്ക് എത്തിയ ഈ വീഡിയോയും ക്ലാസിനൊപ്പം പ്ലേ ആയി. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ വിദ്യാർത്ഥികളും ക്ലാസെടുത്ത അദ്ധ്യാപകനും വിഷമിച്ചു. വിഡിയോ കണ്ട കുട്ടിയുടെ മാതാവ് അദ്ധ്യാപകനെ വിവരം അറിയിച്ചു.
എന്നാൽ വീഡിയോ റിമൂവ് ചെയ്യാൻ അദ്ധ്യാപകൻ നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ സ്‌കൂളിലേക്കു തുടരെ തുടരെ ഫോണുകൾ എത്തി. എന്തു ചെയ്യണമെന്നറിയാതെ അദ്ധ്യാപകൻ കുഴങ്ങി. പിന്നീട് മറ്റൊരു അദ്ധ്യാപകന്റെ സഹായത്തോടെ പ്രശ്‌നം പരിഹരിച്ചു. വിദ്യാർത്ഥികൾക്കു നൽകുന്ന ഓൺലൈൻ ലിങ്ക് ദുരുപയോഗം ചെയ്തു മറ്റുള്ളവർക്കു ലഭിക്കുന്നതാണ് അജ്ഞാതരുടെ സന്ദേശങ്ങൾ വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ എത്താൻ കാരണമെന്നാണു നിഗമനം. പരാതികളേറിയതോടെ ഓൺലൈൻ ഗ്രൂപ്പുകളിലും ക്ലാസുകളിലുമെല്ലാം അദ്ധ്യാപകരുടെ നിരന്തര നിരീക്ഷണമുണ്ട്.
ഇത്തരത്തിലുള്ള രണ്ട് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ, സ്‌കൂൾ വാട്‌സ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശം എത്തിയതു സംബന്ധിച്ച് ജില്ലയിൽ 2 പരാതികളുണ്ട്. ഇതിൽ ഒരെണ്ണത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് പരിധിയിലാണ് മറ്റൊരു കേസ്. ബങ്കളത്തെ സ്‌കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഗ്രൂപ്പിലേക്ക് കൊലയാളി എന്ന പ്രൊഫൈൽ ഐഡിയിൽ നിന്ന് അജ്ഞാതൻ നുഴഞ്ഞു കയറിയതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
ഗ്രൂപ്പിന്റെ ലിങ്ക് ചോർന്നത് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഗെയിം ഗ്രൂപ്പുകളിലൂടെയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി സൈബർ സെല്ലിനു കൈമാറിയിരിക്കുകയാണ്. ഇതിനു പുറമേ ചില വിദ്യാലയങ്ങളിൽ സമാനരീതിയിലുള്ള സംഭവങ്ങൾ ഉണ്ടായതായി പറയുന്നുവെങ്കിലും പരാതികൾ ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു.

