കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ദിവസങ്ങളായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ കോതമംഗലം പിണ്ടിമന കൊന്നാണി കാട്ടിൽ വീട്ടിൽ റിജു എബ്രഹാമി (35) നെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ാെരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2020 മാർച്ചിൽ പരാതിക്കാരൻ കാനഡയിൽ ജോലി ലഭിക്കുന്നതിനായി പ്രതിക്ക് ഒരു ലക്ഷം രൂപ ഗൂഗിൾ പേ വഴി കൈമാറി. മൂന്നു മാസത്തിനുള്ളിൽ കാനഡയിലേക്ക് പോകാം എന്നാണ് പറഞ്ഞിരുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും നടക്കാതെ വന്നപ്പോൾ പരാതിക്കാരൻ പണം തിരികെ ചോദിച്ചു. എന്നാൽ പ്രതി പണം നൽകാതെ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ റിജുവിന് ഉദ്യോഗാർഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാൻ നിയമപരമായ അംഗീകാരം ഇല്ല എന്ന് മനസ്സിലായി. ഇയാൾക്കെതിരേ 2018-19 കാലത്ത് കോതമംഗലം, ചാലിശ്ശേരി, അഗളി, സെൻട്രൽ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ ഉള്ളതായും കണ്ടെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന റിജുവിനെ എറണാകുളം ടാറ്റാപുരം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.