ഡാളസ് : ഡാലസിലെ കോവിഡ് 19 വ്യാപനം കുത്തനെ ഉയർന്നതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന ഓറഞ്ചിൽ നിന്നും ഏറ്റവും ഉയർന്ന റെഡ് അലർട്ടിലേക്ക് ഉയർത്തിയതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ തോതിൽ വർധനവ് ഉണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേർന്ന കൗണ്ടി പബ്ലിക്ക് ഹെൽത്ത് കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.

ടെക്സസിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 189 ശതമാനം വർധിച്ചപ്പോൾ 94 ശതമാനം വർധനവാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഉണ്ടായത്. നോർത്ത് ടെക്സസിലാണെങ്കിൽ ജൂൺ മുതൽ 32 ശതമാനമാണ് വർദ്ധനവെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ മാസം ടെക്സസ് ഗവർണർ മാസ്‌ക്ക് മാൻഡേറ്റ് പൂർണമായും മാറ്റിയിരുന്നുവെങ്കിലും, ഡാലസ് കൗണ്ടി അധികൃതർ കോവിഡിന്റെ ആരംഭഘട്ടത്തിൽ സ്വീകരിച്ചിരുന്ന മുൻകരുതലുകൾ വേണമെന്നാണ് ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏഴു ദിവസം ഡാലസ് കൗണ്ടിയിൽ ശരാശരി 684 രോഗികളാണ് ഉണ്ടായതെങ്കിൽ ചൊവ്വാഴ്ച ഫെബ്രുവരി 17ന് ശേഷം ഏറ്റവും ഉയർന്ന സംഖ്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാക്സിനേഷൻ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള നടപടികൾ ഡാലസ് കൗണ്ടി അധികൃതർ സ്വീകരിച്ചിട്ടുണ്ട്