തിരുവനന്തപുരം: ഹൃദയപരിക്ഷീണതാ ഗവേഷണത്തിനുള്ള രാജ്യത്തെ ആദ്യ ബയോബാങ്ക് തിരുവനന്തപുരം ശ്രീചിത്രതിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആരംഭിച്ചു. മെഡിക്കൽ ഗവേഷണകൗൺസിൽ സെക്രട്ടറി ഡോ. ബൽറാം ഭാർഗവ ഉദ്ഘാടനംചെയ്തു.

ഈ മേഖലയിലെ ഗവേഷണത്തിനാവശ്യമായ ജനിതകസാമ്പിളുകൾ, ഓപ്പൺ ഹാർട്ട് സർജറി സമയത്ത് ലഭിക്കുന്ന രക്തം, സെറം, ടിഷ്യു സാമ്പിളുകൾ, പെരിഫറൽ ബ്ലഡ് മോണോ ന്യൂക്ലിയർ കോശങ്ങൾ എന്നിവയും ബയോബാങ്കിൽ സൂക്ഷിക്കാനാകും. മോളിക്യൂലർ പഠനങ്ങൾക്കും ഹൃദ്രോഗനിർണയത്തിൽ കൂടുതൽ വ്യക്തവരുത്തുന്നതിനുള്ള അനുബന്ധ ഗവേഷണങ്ങൾക്കും നിർണായകമാകുമെന്ന് കരുതുന്നു.

കോവിഡാനന്തര രോഗങ്ങളുടെ പഠനങ്ങൾക്കും ചികിത്സയ്ക്കും ബയോബാങ്ക് ഉപയോഗപ്രദമാകുമെന്ന് ശാസ്ത്രസാങ്കേതികവകുപ്പ് സെക്രട്ടറി ഡോ. അശുതോഷ് ശർമ സന്ദേശത്തിൽ പറഞ്ഞു. നീതി യോഗ് അംഗവും ശ്രീചിത്ര പ്രസിഡന്റുമായ ഡോ. വി.കെ. സരസ്വത്, ശ്രീചിത്ര ഡയറക്ടർ പ്രൊഫസർ അജിത്കുമാർ എന്നിവരും സംസാരിച്ചു.

ജൈവസാമ്പിളുകൾ വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന ദ്രാവകനൈട്രജൻ സംഭരണസംവിധാനം, വിവിധ ശേഷിയിലുള്ള ഫ്രീസറുകൾ എന്നിവയും ബയോബാങ്കിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് പദ്ധതിയിലെ പ്രധാന ഗവേഷകനും കാർഡിയോളജിവിഭാഗം പ്രൊഫസറുമായ ഡോ. ഹരികൃഷ്ണൻ എസ്. അറിയിച്ചു. സാമ്പിളുകൾ ദാനംചെയ്യാൻ തയ്യാറുള്ള രോഗികളിൽനിന്നുള്ള സമ്മതപത്രം വാങ്ങിയാണ് ശേഖരിക്കുന്നത്.

ഫിസിയോളജിക്കൽ അളവുകൾ, ഇ.സി.ജി. പോലുള്ള ഇമേജിങ് ഡേറ്റ, എക്കോകാർഡിയോഗ്രാഫി, എം.ആർ.ഐ., മറ്റുപരിശോധനാവിവരങ്ങൾ എന്നിവ ക്ലിനിക്കൽ േഡറ്റയുമായി ബന്ധിപ്പിക്കുകയുംചെയ്യും. ഈ മേഖലയിലെ ഗവേഷകർക്കും ക്ലിനിക്കുകൾക്കും ശ്രീചിത്രയിലെ ഗവേഷണപദ്ധതിക്കൊപ്പം സഹകരിക്കാനാവും. ഹൃദയപരിക്ഷീണതാ ഗവേഷണത്തിനായി ഐ.സി.എം.ആർ.- നാഷണൽ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് എക്‌സലൻസ് അനുവദിച്ച അഞ്ചുകോടിയിൽനിന്ന് 85 ലക്ഷം ചെലവിട്ടാണ് ബയോബാങ്ക് സജ്ജമാക്കിയത്. നിലവിൽ 25000 ബയോസാമ്പിൾ സൂക്ഷിക്കാനുള്ള സൗകര്യം ബയോബാങ്കിലുണ്ട്.