ഒളിമ്പിക്‌സ് എന്നും ആവേശമായിരുന്നു ഷാനെ ബരാസ്പെനിക്സിന്. സൈക്ലിങ്ങിന് പേരുകേട്ട രാജ്യമായ നെതർലന്റ്സിൽ നിന്നും എത്തിയ ഷാനെയുടെ ഇഷ്ട ഐറ്റവും സൈക്ക്‌ളിങ് ആണ്. കെയ്റിൻ വിഭാഗത്തിൽ മത്സരിച്ച ഷാനെ സ്വർണത്തിലേക്ക് ചവിട്ടി കയറുകയും ചെയ്തു. എന്നാൽ മരണത്തുമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയ ശേഷമാണ് ഷാനെയുടെ ഈ വിജയം.

ആറു വർഷം മുമ്പ് കോളറോഡയിലുണ്ടായ ഒരു ഹൈ ആൾറ്റിറ്റിയൂഡ് പരിശീലനത്തിനിടയിൽ ഷാനെയ്ക്ക് ഹൃദയാഘാതമുണ്ടായി. നിരവധി ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞു. ഒന്നിലധികം ശസ്ത്രക്രയികൾക്ക് വിധേയയായി. ഒടുവിൽ ആശുപത്രി വിടുമ്പോൾ അവർക്ക് കിട്ടിയ ഉപദേശം ഇനി സൈക്ലിങ് വേണ്ട എന്നായിരുന്നു. റിയോ ഒളിമ്പിക്സിൽ ഒരു മെഡൽ സ്വപ്നം കണ്ടിരുന്ന താരത്തിന് ആ ഉപദേശം സമ്മാനിച്ചത് നിരാശ മാത്രം.

എന്നാൽ വിട്ടുകൊടുക്കാൻ നെതർലന്റ്സ് താരം തയ്യാറായിരുന്നില്ല. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഹോം ട്രെയ്നിങ്ങിനായി അവർ അത്യാധുനിക സംവിധാനത്തിൽ ഒരു സൈക്കിൾ നിലത്തുറപ്പിച്ചു. ആ സൈക്കിൾ ചവിട്ടി പതുക്കെ പരിശീലനം തുടങ്ങി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ പഴയ പരിശീലന രീതിയിലേക്ക് തിരിച്ചുവന്നു. ഇതിന് അനുസരിച്ച് ശരീരവും വഴങ്ങി.

ഇക്കാര്യം തന്നെ ചികിത്സിച്ച മെഡിക്കൽ സംഘത്തെ അവർ അറിയിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഷാനെയുടെ ഹൃദയം പെർഫെക്റ്റ് ഓക്കെ ആയിരുന്നു. ഇതോടെ സൈക്ലിങ് ട്രാക്ക് ആയ വെലോഡ്രാമിലേക്ക് തിരിച്ചുപോകാൻ അനുമതിയും ലഭിച്ചു. ഒടുവിൽ വിധിയെ തോൽപ്പിച്ച് ഒളിമ്പിക്സിൽ ആദ്യ സ്വർണ മെഡൽ. സന്തോഷിക്കാൻ ഇതിലപ്പുറം എന്തുവേണം?