ദുബൈ: ഇന്ത്യയിൽ നിന്നും യുഎഇയിലേയ്ക്ക് എത്തുന്നവർക്ക് വിവിധ എമിറേറ്റുകളിൽ വിവിധ നിയന്ത്രണങ്ങളും നിയമങ്ങളും. അബുദബി, റാസൽ ഖൈമ എയർപോർടുകളിൽ ഇറങ്ങുന്നവർക്ക് പത്ത് ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. കൂടാതെ ഒരു ട്രാക്കിങ് ഉപകരണവും ധരിക്കണം.

നാലും എട്ടും ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണമെന്നും ട്രാവൽ ഏജന്റുമാർക്ക് നൽകിയിട്ടുള്ള സർക്കുലറിൽ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി നിർദ്ദേശിക്കുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപാൾ, നൈജീരിയ, ഉഗാൻഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർക്കെല്ലാം ഇത് ബാധകമാണ്.

ദുബൈ, ഷാർജ തുടങ്ങിയ എയർപോർട്ടുകളിൽ എത്തുന്ന യാത്രക്കാർ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. എന്നാൽ അവർക്ക് 10 ദിവസം ക്വാറന്റൈൻ ആവശ്യമില്ല. എയർപോർട്ടിൽ നിന്നുള്ള പിസിആർ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ യാതൊരു പ്രശ്‌നവുമില്ല. പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ നിര്ബന്ധമാണ്.

ഓഗസ്റ്റ് അഞ്ച് മുതലാണ് ഇന്ത്യയടക്കമുള്ള ആറോളം രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ യുഎഇയിലേയ്ക്ക് എത്തി തുടങ്ങിയത്. യുഎഇയിൽ നിന്ന് വാകിസിനേഷൻ പൂർത്തിയാക്കിയവർ, ആരോഗ്യപ്രവർത്തകർ, അദ്ധ്യാപകർ, സർകാർ, സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങി നിരവധി പേർക്ക് യാത്ര ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇ പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തിൽ വന്നെങ്കിലും അബുദാബിയിലേക്ക് ഓഗസ്റ്റ് 10 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു പ്രവേശനമില്ല. ഈ ദിവസം വരെ അബുദാബിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവരരുതെന്ന നിർദ്ദേശം യു.എ.ഇ വിമാനത്താവള അധികൃതർ നല്കിയതായാണ് എയർഇന്ത്യ എക്സ്‌പ്രസിന്റെ ഏറ്റവും പുതിയ യാത്രാമാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്.