ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൽ മുഖ്യ പങ്കുവഹിച്ച ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. രാമഭദ്രൻ അറവമുദൻ (84) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ)യ്ക്ക് അടിത്തറ പാകിയ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം. തിരുവനന്തപുരം തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമും അറവമുദനും ഉൾപ്പെടെയുള്ള ശാസ്ത്രസംഘമാണു തുടക്കമിട്ടത്. ഇരുവരും ചേർന്ന് ഇന്ത്യൻ റോക്കറ്റിന്റെ ആദ്യരൂപങ്ങളിലൊന്നു സംയോജിപ്പിക്കുന്നതിന്റെ ഫോട്ടോ ഏറെ പ്രശസ്തമാണ്.

ബെംഗളൂരുവിലെ ഇസ്‌റോ ഉപഗ്രഹ കേന്ദ്രമായ യുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെയും ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെയും മുൻ ഡയറക്ടറാണ് ഡോ. അറവമുദൻ. 1962ൽ ഇസ്‌റോയുടെ ആദ്യരൂപമായ നാഷനൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ചിലേക്ക് (ഇൻകോസ്പാർ) ഡോ.വിക്രം സാരാഭായി നേരിട്ടു നിയോഗിച്ച ശാസ്ത്രജ്ഞരിൽ ഒരാളായി. ചെറിയ റോക്കറ്റുകളുടെ സംയോജനം സംബന്ധിച്ച് നാസയുടെ ഗൊദാർദ് ഫ്‌ളൈറ്റ് സെന്ററിൽ നിന്നു പരിശീലനം നേടി.

ചെന്നൈയിൽ ജനിച്ച അദ്ദേഹം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഒന്നാം റാങ്കോടെ ഇലക്ടോണിക്‌സ് എൻജിനീയറിങ് ബിരുദം നേടി. ഡിപ്പാർട്‌മെന്റ് ഓഫ് ആറ്റമിക് എനർജി (ഡിഎഇ) ട്രോംബെ റിയാക്ടർ കൺട്രോൾ ഡിവിഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ബഹിരാകാശ ഗവേഷണത്തിലേക്കു ചുവടു മാറിയത്.

1997ൽ വിരമിച്ച അറവാമുദൻ ഉപഗ്രഹ ട്രാക്കിങ്, റഡാർ രംഗത്തെ വിദഗ്ധനായിരുന്നു. 2009ലെ ആര്യഭട്ട പുരസ്‌കാരവും 2010ലെ ഇസ്‌റോ സേവന മികവ് ബഹുമതിയും നേടി. 'ഇസ്‌റോ എ പഴ്‌സനൽ ഹിസ്റ്ററി' എന്ന പുസ്തകം രചിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഗീതയാണ് ഭാര്യ. അനന്ത്, ശ്രീറാം എന്നിവർ മക്കളാണ്. സംസ്‌കാരം നടത്തി.