ടോക്യോ: ജോർദ്ദാൻ വിൻഡൽ ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിന് തൊട്ടരികിലാണ്. പത്ത് മീറ്റർ പ്ലാറ്റ് ഫോം ഡൈവിങ്ങിൽ ഫൈനലിൽ പങ്കെടുക്കുകയാണ് താരം. പതിനെട്ട് മാസം പ്രായമുള്ളപ്പോൾ തന്നെ അനാഥാലയത്തിൽ നിന്നും ദത്തെടുത്തവർക്ക് സമർപ്പിക്കുകയാണ് ഈ താരം. മെഡൽ നേടിയാൽ അതൊരു മറ്റൊരു നേട്ടമാകും.

കംബോഡിയൻ അനാഥാലയത്തിൽ നിന്നാണ് പതിനെട്ട് മാസം പ്രായമുള്ളപ്പോൾ ജെറി ദത്തെടുത്തത്. മകനെ പൊന്നു പോലെ അച്ഛൻ നോക്കി. ഒന്നര വയസ്സിൽ തുടങ്ങിയ കരുതൽ ഇപ്പോഴും തുടരുന്നു. ഇതാണ് തന്റെ ഒളിമ്പിക്‌സ് മോഹത്തിന് കരുത്ത് പകരുന്നതെന്ന് താരം പറയുന്നു.

സ്വവർഗാനുരാഗിയായ ജെറിക്ക് ഫ്‌റോറിഡയിൽ കുട്ടികളെ ദത്തെടുക്കാൻ നിയമപരമായി കഴിയില്ലായിരുന്നു. എന്നാൽ അന്താരാഷ്ട്ര ചട്ടങ്ങൾ അനുസരിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നവർക്കും ദത്തെടുക്കാൻ അവസരമുണ്ടായിരുന്നു. ഇതാണ് ജെറി അവസരമാക്കിയതും കംബോഡിയയിൽ നിന്നും കുട്ടിയെ ദത്തെടുത്തതും. ഒളിമ്പിക്‌സ് ഡൈവിങ്ങിൽ മെഡൽ നേടുന്ന ആദ്യ കംബോഡിയൻ വംശജനാകുന്നതിന്റെ തൊട്ടടുത്താണ് ഈ മിടുക്കൻ.

ഏഴു വയസ്സുമാതുൽ നീന്തൽ കുളത്തിലെ ഡൈവിങ്ങിനോടായി ജോർദ്ദാൻ വിൻഡിലിന്റെ കമ്പം. ഒൻപതാം വയസ്സിൽ ജൂനിയർ ദേശീയ ചാമ്പ്യനായി. 12-ാം വയസ്സിൽ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിലും പങ്കെടുത്തു. ഇപ്പോൾ മെഡലും. അച്ഛന്റെ സഹായവും ത്യാഗവും ഇല്ലെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് ജോർദ്ദാൻ തിരിച്ചറിയുന്നു. ഇന്ന് ജോർദ്ദാന് 22 വയസ്സായി.

കാലിഫോർണിയയിൽ ഇരുന്നാണ് വളർത്തു മകന്റെ നേട്ടം ജെറി വിൻഡൽ കാണുന്നത്. ഇന്ന് വൈകിട്ടാണ് ഈ വിഭാഗത്തിലെ ഫൈനൽ.